രാജ്യത്തിന്റെ അഭിമാനം കാത്ത മിഗ്23 യുദ്ധവിമാനം ഇനി നാട്ടകം പോളിടെക്‌നിക്കില്‍

ചിങ്ങവനം: ശത്രുസേനക്ക് കനത്ത തിരിച്ചടി കൊടുത്ത് തുരത്തിയോടിച്ച് രാജ്യത്തിന്റെ അഭിമാനമായി മാറിയിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്23 യുദ്ധവിമാനം നാട്ടകം പോളിടെക്‌നിക്കിലെത്തി.
മൂന്ന് ട്രെയിലറുകളിലായി എത്തിച്ച വിമാന ഭാഗങ്ങള്‍ കൂട്ടിയിണക്കി പോളിടെക്‌നിക്കിന്റെ മുന്‍വശത്ത് തയാറാക്കിയ പ്രത്യേക സ്ഥലത്ത് പ്രദര്‍ശന വസ്തുവായി സ്ഥാപിക്കും. 10 ദിവസങ്ങള്‍ക്ക് മുമ്പ് മേഘാലയയിലെ സൈനീക ആസ്ഥാനത്തുനിന്നും പുറപ്പെട്ട വിമാനഭാഗങ്ങള്‍ തിങ്കളാഴ്ചയാണ് നാട്ടകം പോളിടെക്‌നിക്കില്‍ എത്തിയത്.
2009 ല്‍ യുദ്ധമുഖത്തുനിന്നും പിന്‍വലിച്ച മിഗ്23 വിമാനങ്ങളെ ശാസ്ത്ര സാങ്കേതിക വകുപ്പാണ് പോളിടെക്‌നിക്കുകള്‍ക്കു കൈമാറിയത്. 2012ല്‍ റവന്യൂ മന്ത്രിയുടെ അപേക്ഷ പ്രകാരമാണ് നാട്ടകം പോളിടെക്‌നിക്കിന് മിഗ്23 സ്വന്തമായത്.
14 ലക്ഷം രൂപയാണ് മിഗ്23 സ്ഥാപിക്കുന്നതിന് വേണ്ടി നാട്ടകം പോളിടെക്‌നിക്ക് ചെലവഴിക്കേണ്ടി വരുന്നത്. പോളിടെക്‌നിക്കിന്റെ മുന്‍വശത്ത് തയാറാക്കിയ സ്ഥലത്ത് പ്രത്യേകം രൂപപ്പെടുത്തിയ സ്റ്റാന്റിലാണു സ്ഥാപിക്കുക. യാത്രാ ചെലവ്, ക്രയിന്‍ വാടക, പെയ്ന്റിംഗ് അടക്കം മെയിന്റനന്‍സ് ചെലവുകളും പോളിടെക്‌നിക് വഹിക്കും.
വിംഗ് കമാന്‍ഡറും നാല് ടെക്‌നീഷ്യന്മാരും അടക്കം അഞ്ചുപേരുടെ സംഘമാണ് വിമാനഭാഗങ്ങള്‍ കൂട്ടിയിണക്കാനെത്തുന്നത്. പൂര്‍ത്തിയാക്കുവാന്‍ 15 ദിവസങ്ങള്‍ എടുക്കും.
കോളജിന് മുന്‍വശത്ത് അടുത്തുനിന്ന് കാണാന്‍ സൗകര്യത്തിനാണ് വിമാനം സ്ഥാപിക്കുന്നത്. ഇതിന് ചുറ്റും പൂന്തോട്ടമൊരുക്കി മോടിയാക്കാനുള്ള നടപടികളും കോളജ് അധികൃതര്‍ എടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍