വസ്ത്രം മാറാനെന്ന് പറഞ്ഞ് വീട്ടില്‍ കയറി 19.5 പവന്‍ സ്വര്‍ണം കവര്‍ന്ന വിദ്യാര്‍ത്ഥിനി പിടിയില്‍

കാസര്‍കോട് : വീട്ടില്‍ നിന്നും 19.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി പിടിയില്‍. വിദ്യാര്‍ത്ഥിനിയെ മോഷണത്തിന് പ്രേരിപ്പിച്ച കാമുകനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കി. കാമുകന് വേണ്ടിയാണ് സ്വര്‍ണ്ണം മോഷ്ടിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്ബിള്‍ റോഡ് കോടിവളപ്പിലെ സുനിലിന്റെ വീട്ടില്‍ നിന്നും ആഭരണങ്ങള്‍ കാണാതായ കേസിലാണ് ഉദുമ മുതിയക്കാല്‍ കുതിരക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതുസംബന്ധിച്ച് സുനില്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ അകന്ന ബന്ധുവായ ഒരു യുവതി കുഞ്ഞിനെ കാണാന്‍ വീട്ടിലെത്തിയിരുന്നതായും പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി സമ്മതിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുമ്പള സ്വദേശിയും ഒരേ കോളേജില്‍ വിദ്യാര്‍ത്ഥിയുമായ കാമുകനു വേണ്ടിയാണ് സ്വര്‍ണം കവര്‍ച്ച നടത്തിയതെന്ന് പെണ്‍കുട്ടി സമ്മതിക്കുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ മംഗളുരുവിലെ പല ജ്വല്ലറികളിലായി വില്പന നടത്തിയ പണം മുഴുവന്‍ അടിച്ചുമാറ്റിയത് യുവാവാണെന്ന് വ്യക്തമായി. മംഗളൂരുവിലെ കോളജില്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. അപകടത്തില്‍പെട്ടുവെന്നും കുറച്ചുപണം തരപ്പെടുത്തി നല്‍കണമെന്നും യുവാവ് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ മറ്റുവഴികളൊന്നും ഇല്ലാതെ വന്നപ്പോഴാണ് മോഷണം നടത്തിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കുഞ്ഞിനെ കാണാനാണ് അകന്ന ബന്ധുവായ യുവതി സുനിലിന്റെ വീട്ടിലെത്തിയത്. ഇതിനിടെ വസ്ത്രം മാറാനെന്ന് പറഞ്ഞ് മുറിയില്‍ കയറുകയും ചെയ്തു. താക്കോല്‍ അലമാരയില്‍ തന്നെ വച്ച നിലയില്‍ കണ്ട് അലമാര തുറന്ന് അകത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സ്വര്‍ണ്ണം കൊണ്ടുപോയി വില്‍പ്പന നടത്തിയതിനാല്‍ കാമുകനെയും കേസില്‍ പ്രതിചേര്‍ക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍