ഡല്‍ഹി കലാപം; മരണം 17

അര്‍ദ്ധരാത്രി വാദം കേട്ട് ഹൈക്കോടതി,

അരവിന്ദ് കേജ്‌രിവാളിന്റെ വീടിന് മുന്നില്‍ പ്രതിഷേധം,

ഇന്ന് കേന്ദ്രമന്ത്രിസഭാ യോഗം ചേരും

സൈന്യത്തെ ഇറക്കണമെന്ന് കേജ്‌രിവാള്‍

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി ഡല്‍ഹി ഹൈക്കോടതി അര്‍ദ്ധരാത്രി വാദം കേട്ടു. കലാപത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു ഹര്‍ജി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്റെ വീട്ടില്‍ വച്ചാണ് കോടതി വാദം കേട്ടത്. പരിക്കേറ്റവര്‍ക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. അതേസമയം, ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. പൊലീസുകാരുള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. എഴുപതോളം പേര്‍ക്ക് വെടിയേറ്റു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇരുപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന മെട്രോ സ്റ്റേഷനുകള്‍ തുറന്നു. സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീടിന് മുന്നിലും പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് കേന്ദ്ര മന്ത്രിസഭയോഗം ചേരും. അതിനിടെ സ്തിഗതികള്‍ ഭീതിജനകമാണെന്നും സമാധാന പാലനത്തിന് സൈന്യത്തെ ഇറക്കണമെന്നും അരവിന്ദ് കേജ്‌രിവാള്‍ ആവിശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍