മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരേ സംസ്ഥാനത്ത് 15,650 കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മാതാപിതാക്കളെ മക്കള്‍ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ട് 15,650 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. 201617ല്‍ 4767 കേസുകളും 201718 വര്‍ഷം 3,356 കേസുകളും 201819ല്‍ 4,300 കേസുകളും 201920 ഇതുവരെ 3,227 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 27 മെയിന്റനന്‍സ് ട്രൈബ്യൂണലുകള്‍ വഴി 11,005 കേസുകള്‍ തീര്‍പ്പാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള വൃദ്ധസദനങ്ങളിലും സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളിലും വൃദ്ധജനങ്ങളെ പ്രവേശിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും യാതൊരു തുകയും ഈടാക്കുന്നില്ലെന്നും വയോജനങ്ങള്‍ക്കുള്ള സേവനം സൗജന്യമായാണ് നല്‍കി വരുന്നതെന്നും മന്ത്രി അറിയിച്ചു. വയോജനങ്ങളെ സംരക്ഷിക്കാതെ ഉപേക്ഷിക്കുന്നവര്‍ക്കെതിരേ കേസ് ചുമത്താനും മൂന്നു മാസം വരെ തടവിനോ 5,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാനും നിയമം അനുശാസിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍