പ്രഥമ കെഎഎസ് പരീക്ഷ നാളെ; 1,535 കേന്ദ്രങ്ങളിലായി നാലുലക്ഷം പേര്‍ പരീക്ഷയെഴുതും

തിരുവനന്തപുരം: കേരള ഭരണസര്‍വീസിലേക്കുള്ള ആദ്യബാച്ച് തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷ നാളെ നടക്കും. 1,535 കേന്ദ്രങ്ങളിലായി നാളെ നടക്കും. 3,85,000 പേര്‍ ഇതിനകം അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുത്തു. മൂന്നുകാറ്റഗറികളിലായി 5.76 ലക്ഷം അപേക്ഷകള്‍ ലഭിച്ചതില്‍ 4,00,014 പേര്‍ പരീക്ഷയെഴുതുമെന്ന് അറിയിച്ചിരുന്നു. പ്രാഥമിക പരീക്ഷയ്ക്ക് രണ്ടുപേപ്പറുകളാണ്. ആദ്യപേപ്പറിന്റെ പരീക്ഷാസമയം രാവിലെ 10നും രണ്ടാംപേപ്പറിന്റേത് ഉച്ചയ്ക്ക് 1.30നും ആരംഭിക്കും. ഈ സമയത്തിനുമുമ്പ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷാഹാളില്‍ പ്രവേശിക്കണം. വൈകിയെത്തുന്നവരെ പ്രവേശിപ്പിക്കരുതെന്ന് പിഎസ്‌സി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസല്‍, ബോള്‍പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാഹാളില്‍ അനുവദിക്കൂ. മൊബൈല്‍ഫോണ്‍, വാച്ച്, പഴ്‌സ് ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കള്‍ പരീക്ഷാകേന്ദ്രത്തിലെ ക്ലോക്ക്‌റൂമില്‍ സൂക്ഷിക്കണം. ഉദ്യോഗാര്‍ഥിയെ മാത്രമേ പരീക്ഷാകേന്ദ്ര വളപ്പിനുള്ളില്‍ പ്രവേശിപ്പിക്കൂ. വ്യക്തമായ കാരണമില്ലാതെ പരീക്ഷയെഴുതാതിരിക്കുന്നത് കുറ്റകരമാണെന്ന് പിഎസ്‌സി അറിയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍