പിടിതരാതെ കൊറോണ വൈറസ്; മരണം 1350 കവിഞ്ഞു

ബെയ്ജിംഗ്/വുഹാന്‍: ചൈനയില്‍ പിടിതരാതെ കൊറോണ മരണനിരക്ക് കുതിക്കുന്നു. ബുധനാഴ്ച വുഹാനില്‍ 242 പേര്‍ കൂടി മരിച്ചതോടെ ചൈനയിലെ മരണനിരക്ക് 1350ന് മുകളിലെത്തി. 14,840 പുതിയ കേസുകളില്‍ കൂടി സ്ഥിരീകരിച്ചതോടെ ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 60,000 ആയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 48,000 കേസുകളില്‍ വുഹാനിലാണ്.
അതേസമയം, വിദേശത്തു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 440 ആയി. ഫിലിപ്പീന്‍സില്‍ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജപ്പാനില്‍ 203 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗം പേരും ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസില്‍ കഴിയുന്നവരാണ്. കപ്പലിലെ ജീവനക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.ഇതിനിടെ, കൊറോണ വൈറസ് ബാധയുടെ പേര് കോവിഡ്19 എന്നാക്കി. ഇതുവരെ 20 രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ട്. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലും ഷാംഗ്ഹായിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരങ്ങളില്‍ സഞ്ചാരത്തിനും വാഹനഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുകയും നഗരത്തില്‍ ചുറ്റിയടിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. പുതുവര്‍ഷ അവധിക്കുശേഷം ആളുകള്‍ ജോലിയിലേക്കു മടങ്ങിയെത്തുമ്പോള്‍ വൈറസ് പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണു നടപടി. ഫെബ്രുവരി മാസം മധ്യത്തിലോ അവസാനത്തോ വൈറസ് ബാധ കൂടാന്‍ സാധ്യതയുണ്ടെന്നു സാംക്രമികരോഗ വിദഗ്ധന്‍ ഷോംഗ് നന്‍ഷാന്‍ പറഞ്ഞു. വൈറസ് പടരുന്നത് കുറഞ്ഞതായി ബുധനാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് പറഞ്ഞിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍