ഡ്രൈവര്‍മാരുടെ കുറവ്; നിലമ്പൂര്‍ ഡിപ്പോയില്‍ മുടങ്ങുന്നത് 11 സര്‍വീസുകള്‍

നിലമ്പൂര്‍: ഡ്രൈവര്‍മാരുടെ കുറവ് കാരണം നിലമ്പൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള 11 സര്‍വീസുകള്‍ ദിവസവും മുടങ്ങുന്നു. ഇതിലൂടെ പ്രതിദിന ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് ഡിപ്പോക്കുണ്ടാവുന്നത്. പ്രതിദിനം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും 48 സര്‍വീസുകളാണ് നടത്തിയിരുന്നത്. എന്നാല്‍ ഡ്രൈവര്‍മാരുടെ കുറവുമൂലം നിലവില്‍ 34 മുതല്‍ 37 സര്‍വീസുകളാണ് നടത്തുന്നതെന്ന് ഡിപ്പോ എടിഒ. പറഞ്ഞു. സര്‍വീസുകളുടെ എണ്ണം അനുസരിച്ച് 116 ഡ്രൈവര്‍മാരാണ് വേണ്ടത്. എന്നാല്‍, നിലവില്‍ 100 ഡ്രൈവര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേര്‍ മെഡിക്കല്‍ ലീവിലാണ്. നാലുപേരുടെ ലൈസന്‍സ് അപകട കേസുകളുമായി ബന്ധപ്പെട്ട് റദ്ദ് ചെയ്തിരിക്കുകയാണ്. ബാക്കി 93 പേരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. പ്രതിദിനം 48 സര്‍വീസുകളിലൂടെ എട്ടു ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്നെങ്കില്‍ അത് നിലവില്‍ ഏഴു ലക്ഷമായി കുറഞ്ഞിട്ടുണ്ട്. വഴിക്കടവ്‌കോഴിക്കോട് ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളില്‍ പലതും മുടങ്ങിയിരിക്കുകയാണ്. നിലവിലുള്ള 93 ഡ്രൈവര്‍മാരില്‍ 10 പേര്‍ എം പാനല്‍കാരാണ്. ഡ്രൈവര്‍മാരുടെ കുറവ് നികത്താന്‍ നടപടി ഉണ്ടായില്ലെങ്കില്‍ ലാഭത്തിലായിരുന്ന നിലമ്പൂര്‍ ഡിപ്പോ താമസിയാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തും. ഡ്രൈവര്‍മാരുടെ കുറവ് വര്‍ധിക്കുമ്പോഴും നിലവില്‍ കണ്ടക്ടര്‍മാരുടെ എണ്ണത്തില്‍ ഒരാളുടെ കുറവ് മാത്രമാണുള്ളത്. കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന മലയോര മേഖലകളിലെ ജനങ്ങളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍