ആണവ കരാറില്‍ നിന്ന് ഇറാന്‍ പിന്മാറി ടെഹ്‌റാന്‍

:അമേരിക്കയുടെ വ്യോമാക്രമണത്തില്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ആണവ കരാറില്‍ നിന്ന് ഇറാന്‍ പിന്നോട്ട്. 2015ല്‍ യു.എന്‍ മധ്യസ്ഥതയില്‍ ലോകരാജ്യങ്ങളുമായി ഒപ്പിട്ട ആണവ കരാറില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഇനി ഒരു ഉടമ്പടിയും പാലിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.ആണവായുധം പ്രയോഗിക്കാന്‍ ഇറാന് മടിയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. അതേസമയം ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പുറത്താക്കുന്നതിനുള്ള പ്രമേയം ഇറാഖി പാര്‍ലമെന്റ് പാസാക്കിക്കഴിഞ്ഞു.മധ്യസ്ഥ നീക്കങ്ങള്‍ തള്ളിയ ഇറാന്‍ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കാതെ പോകില്ലെന്ന ഉറച്ച നിലപാടിലാണ്. അമേരിക്കയോടുള്ള ഇറാന്റെ മറുപടി സൈനികം തന്നെയായിരിക്കുമെന്ന് ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഇയുടെ പ്രതിരോധ ഉപദേശകന്‍ മേജര്‍ ജനറല്‍ ഹുസൈന്‍ ദഹ്ഗാന്‍ സി.എന്‍.എന്‍ ചാനലിനോട് വ്യക്തമാക്കി. ഗള്‍ഫിലെ അമേരിക്കന്‍ സൈനികരും കപ്പലുകളും മറ്റു സംവിധാനങ്ങളും തങ്ങളുടെ സൈനിക ലക്ഷ്യങ്ങളായിരിക്കുമെന്ന് ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയും ഇന്നലെ താക്കീത് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍