ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

ഉന്നാവോ: ഉന്നാവോ മാനഭംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പെണ്‍കുട്ടിയുടെ പിതാവിനു പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നതിനു പിന്നാലെ ചികിത്സ നല്കിയ ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായ ആണു മരിച്ചത്. പ്രഥമശുശ്രൂഷ നല്കി ഡോക്ടര്‍ വിട്ടയച്ച, പെണ്‍കുട്ടിയുടെ പിതാവ് ഏതാനും മണിക്കൂറുകള്‍ക്കകം പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. 2018 ഏപ്രിലിലായിരുന്നു സംഭവം. ഇതു സംബന്ധിച്ച കേസിന്റെ വിചാരണ ഇന്നു തുടങ്ങാനിരിക്കേയാണു ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിന്റെ ചുമതല വഹിക്കവേയായിരുന്നു ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായ ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ചത്. കസ്റ്റഡിമരണം സംബന്ധിച്ച് സിബിഐ അന്വേഷണത്തിനിടെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരിച്ചെടുത്തു. ഇദ്ദേഹം ഫത്തേപ്പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. ഡോക്ടര്‍ പ്രശാന്തിന് ഇന്നലെ രാവിലെ ശ്വാസതടസം അനുഭവപ്പെട്ടുവെന്നാണു ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയില്‍ പോകാന്‍ അദ്ദേഹം ആദ്യം വിസമ്മതിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഡോക്ടര്‍ പ്രശാന്ത് പ്രമേഹരോഗിയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.ഉന്നാവോ മാനഭംഗക്കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ്. പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുല്‍ദീപിന്റെ സഹോദരന്‍ അതുല്‍ ജയിലിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍