റബര്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ സംരക്ഷണ ചുങ്കം ഏര്‍പ്പെടുത്തണം

തൊടുപുഴ : സ്വാഭാവിക റബറിന്റെ ഇറക്കുമതി നിയന്ത്രിക്കാന്‍ സംരക്ഷണ ചുങ്കം ഏര്‍പ്പെടുത്തണമെന്നും ഇറക്കുമതിയുടെ അതിപ്രസരം കര്‍ഷകരെ കണ്ണീര്‍ കുടിപ്പിക്കുകയാണെന്നും റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. പി.സി. സിറിയക്. ഗാന്ധിജി സ്റ്റഡി സെന്റര്‍ കാര്‍ഷികമേളയോടനുബന്ധിച്ച് നടത്തിയ റബര്‍ പ്രതിസന്ധിയും പരിഹാര മാര്‍ഗങ്ങളും സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് അന്പതിനായിരത്തില്‍ പരം ഉത്പന്നങ്ങള്‍ റബര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമായെങ്കില്‍ മാത്രമേ റബര്‍ കര്‍ഷകര്‍ക്ക് പിടിച്ച് നില്‍ക്കാനാവൂ. 2013 മുതല്‍ ഇവിടെ റബര്‍ ഇറക്കുമതിയുടെ അതിപ്രസരം തുടങ്ങി.
വ്യവസായ മാന്ദ്യം കാരണം വിദേശ വിപണിയില്‍ റബര്‍ വാങ്ങാന്‍ ആളില്ലാതായി. മൂന്നുകൊല്ലം കൊണ്ട് റബറിന്റെ ആഭ്യന്തര ഉദ്പാദനം പത്തു ലക്ഷം ടണ്ണില്‍ നിന്നും അഞ്ചര ലക്ഷം ടണ്ണായി കുറഞ്ഞു. റബര്‍ വില 150 രൂപ ഉറപ്പാക്കുന്ന പദ്ധതി വന്നതോടെ കുറേപേര്‍ കൂടി ടാപ്പിംഗ് തുടങ്ങി. ഉത്പാദനം ഇപ്പോള്‍ 6.5 ലക്ഷം ടണ്ണില്‍ എത്തി നില്‍ക്കുകയാണ്. ഇറക്കുമതിയുടെ അതിപ്രസരം കൊണ്ട് ആഭ്യന്തര ഉത്പാദനം കുറഞ്ഞു പോയാല്‍ അത് വീണ്ടെടുക്കാന്‍ ഇറക്കുമതിയുടെ മേല്‍ കൂടുതല്‍ ചുങ്കം ചുമത്തി ഇറക്കുമതിയെ നിയന്ത്രിക്കാം. അങ്ങനെ വിപണി വില മെച്ചപ്പെടുത്താം. സ്വാഭാവിക റബറിന്റെ ഇറക്കുമതി നിയന്ത്രിക്കാന്‍ സംരക്ഷണ ചുങ്കം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകള്‍ പലതവണ മുടന്തന്‍ ന്യായം പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. ഇറക്കുമതിയുടെ ഒഴുക്ക് ഒരു നിയന്ത്രണവുമില്ലാതെ തുടരുകയാണ്. കര്‍ഷകന് മാത്രം നീതി ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓയില്‍ പാം ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഡോ. ബാബു തോമസ്, ഡപ്യൂട്ടി റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍മാരായ ഡി. ശ്രീകുമാര്‍, പി.എം. സോമശേഖരന്‍, ഡോ. കെ.ജെ. ജോസഫ്, കൊട്ടാരക്കര പൊന്നച്ചന്‍, എസ്. മോഹന്‍ കുമാര്‍, കെ.ജി. സതീഷ് കുമാര്‍, സി. ജെ.മാത്യു ചൂരാപ്പുഴ, ജോസി കൊച്ചുകുടി എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍