കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; സാമ്പത്തിക പ്രതിസന്ധി മറികടക്കുക വെല്ലുവിളി

ന്യൂഡല്‍ഹി:രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ വരുന്ന പൊതു ബജറ്റിനെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കി കാണുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ കാര്‍ഷിക മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ശ്രദ്ധ വെക്കണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.രാജ്യത്തിന്റ വളര്‍ച്ച നിരക്ക് 4.8 ആയി കുറഞ്ഞു. എക്കാലത്തെയും വലിയ തൊഴിലില്ലായ്മ, കാര്‍ഷിക നിര്‍മ്മാണ, ചെറുകിട വ്യവസായ മേഖലകളിലെ തളര്‍ച്ച തുടങ്ങി സാമ്പത്തിക വളര്‍ച്ചക്ക് ആവശ്യമായ എല്ലായിടത്തും പ്രതിസന്ധിയാണ്. ഇത് എങ്ങനെ മറികടക്കും എന്നതാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ മുന്നിലുള്ള വെല്ലുവിളി. പക്ഷെ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം വന്ന ഇടക്കാല ബജറ്റിലും സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കടന്നുവെന്ന സൂചന വന്നപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങളും ഈ മേഖലക്ക് ആശ്വാസം നല്‍കുന്നതായിരുന്നില്ല. കോര്‍പ്പറേറ്റ് നികുതി വെട്ടികുറച്ചും അവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചും പ്രതിസന്ധി മറികടക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിച്ചത്. അത്തരത്തില്‍ തന്നെയാണ് വരുന്ന ബജറ്റുമെങ്കില്‍ പ്രതീക്ഷക്ക് വകയുണ്ടാകില്ല. ഡല്‍ഹി നിയമസഭ മുന്നില്‍ കണ്ടു ആദായ നികുതി സ്ലാബ് ഉയര്‍ത്തുമെന്ന് സൂചനയുണ്ട്. ഒപ്പം പുതിയ ഭവന പദ്ധതികള്‍ ബജറ്റില്‍ ഇടം പിടിച്ചേക്കാം. വിപണിയില്‍ ഇടപെടാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്നതും നിര്‍ണായകമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍