സ്വകാര്യ ട്രെയിന്‍ കേരളത്തിലും; ആഴ്ചയില്‍ മൂന്നു ദിവസം

ന്യൂഡല്‍ഹി: റെയില്‍വേയെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി നീതി ആയോഗും കേന്ദ്ര സര്‍ക്കാരും. പദ്ധതി നടപ്പിലാകുന്നതോടെ കേരളത്തിലും സ്വകാര്യ റെയില്‍ സര്‍വീസ് നിലവില്‍ വരും.
കേരളത്തില്‍ നിന്നു പുറപ്പെടുന്ന കൊച്ചുവേളിഗോഹട്ടി ലൈനില്‍ ആഴ്ചയില്‍ മൂന്നു ദിവസം സ്വകാര്യ ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക. ഗോഹട്ടി ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയാണ് കൊച്ചുവേളി ഗോഹട്ടി പാതയിലെ സര്‍വീ സുകള്‍ സ്വകാര്യമേഖലയ്ക്കു വിട്ടു നല്‍കുന്നത്.
റെയില്‍വേ പാതകളും യാത്രാ ട്രെയിനുകളും സ്വകാര്യവത്കരിക്കുമ്പോള്‍ ഏറ്റെടുക്കുന്ന സ്വകാര്യ സംരംഭകര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും നീതി ആയോഗ് കഴിഞ്ഞ ദിവസം പുറത്തിറക്കി. യാത്രക്കാരുടെ എണ്ണം കൂടിയാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താനുള്ള അധികാരവും സ്വകാര്യ ഏജന്‍സികള്‍ക്കു നല്‍കുന്നു. അതിനു പുറമേ സേവനങ്ങള്‍ക്കു പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താമെന്നും പറയുന്നു. സ്വകാര്യ ഏജന്‍സികള്‍ ട്രെയിനുകളില്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങളാണ് നീതി ആയോഗ് മുന്നോട്ടു വയ്ക്കുന്നത്.
നീതി ആയോഗ് പ്രസിദ്ധീകരിച്ച കരട് രേഖയില്‍ ജനുവരി 17 വരെ അഭിപ്രായം അറിയിക്കാം. ലോക്കോ പൈലറ്റിനെയും ഗാര്‍ഡുകളെയും ഇന്ത്യന്‍ റെയില്‍വേ വിട്ടു നല്‍കുമെങ്കിലും ഇവരുടെ പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വകാര്യ ഏജന്‍സികളുടെ മേല്‍നോട്ടത്തിലായിരിക്കും.
ട്രെയിന്‍ അപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍, ശാരീരിക വൈകല്യം, ലഗേജ്, ചരക്ക് നഷ്ടം എന്നിവയ്ക്കുള്ള നഷ്ടപരിഹാരം സ്വകാര്യ ഏജന്‍സികള്‍ അവരുടെ ഇന്‍ഷ്വറന്‍സ് തുകയില്‍ നിന്നു നല്‍കണം. പലവിധ ക്ലസ്റ്ററുകളായി തിരിച്ചു സ്വകാര്യ മേഖലയ്ക്ക് ട്രെയിനുകള്‍ വിട്ടു കൊടുക്കുമ്പോള്‍ ഒരു ഏജന്‍സിക്ക് പരമാവധി മൂന്നു ക്ലസ്റ്ററുകള്‍ ഏറ്റെടുക്കാം.
പന്ത്രണ്ടു ക്ലസ്റ്ററുകളായി തിരിച്ചാണ് സ്വകാര്യവത്കരിക്കുന്നത്. ട്രെയിനുകള്‍ ഏറ്റെടുക്കുന്ന കന്പനികള്‍ക്ക് ചുരുങ്ങിയത് 450 കോടി രൂപയുടെ ആസ്തി ഉണ്ടായിരിക്കണം. ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍, വൃത്തി, സുരക്ഷ തുടങ്ങിയ നിര്‍ദേശങ്ങളും ഇതു സംബന്ധിച്ച മാര്‍ഗരേഖയിലുണ്ട്. ആദ്യഘട്ടത്തില്‍ നൂറു പാതകളിലായി 150 ട്രെയിനുകളാണ് സ്വകാര്യ ഏജന്‍സികള്‍ക്കു വിട്ടു നല്‍കുന്നത്. ഇതിലൂടെ പ്രതിവര്‍ഷം 22,500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍