പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളി. പ്രത്യേക കോടതിയുടേതാണു നടപടി. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്ന് ജഡ്ജി നിരീക്ഷിച്ചു.തന്നെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് പ്രത്യേക കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. ക്വട്ടേഷന്‍ സംഘം പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചാണ് ദിലീപ് വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. പ്രത്യേക അനുമതിയോടെ അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങള്‍ കണ്ടശേഷം ലഭിച്ച അഭിപ്രായം കണക്കിലെടുത്താണു പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്.നിലവിലുള്ള കുറ്റപത്രത്തില്‍, തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നു ദിലീപ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ദിലീപിന് വിടുതല്‍ നല്‍കരുതെന്നും വിചാരണ നടത്താന്‍ പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് വാദം പൂര്‍ത്തിയാക്കിയത്.പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയാണ് ദിലീപ് വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാന്‍ അവസരമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍