ട്രംപിനെതിരായ ജനപ്രതിനിധിസഭയുടെ ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റിലേക്ക്

യു.എസ്:യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ജനപ്രതിനിധിസഭ പാസാക്കിയ ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റിലേക്ക്. ഇക്കാര്യത്തില്‍ പ്രതിനിധി സഭയില്‍ ഇന്നലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. ഈ മാസം 21ന് സെനറ്റില്‍ ട്രംപിന്റെ വിചാരണ നടപടികള്‍ക്ക് തുടക്കം കുറിക്കും.
അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസ് നടപടികളെ തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങളുടെ പേരില്‍ കഴിഞ്ഞ മാസമാണ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത്.
ഇംപീച്ച്‌മെന്റ് നടപടികളുമായി ബന്ധെപ്പട്ട പ്രമേയ രേഖകളും മറ്റും സെനറ്റിന് കൈമാറുന്ന നടപടിക്രമമാണ് വോട്ടെടുപ്പിലൂടെ പൂര്‍ത്തിയായത്. സെനറ്റില്‍ ട്രംപിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഏഴംഗ പാനലിലെ സ്പീക്കര്‍ നാന്‍സി പെലോസി തെരഞ്ഞെടുത്തു. ജനുവരി 21ന് ട്രംപിന്റെ വിചാരണക്ക് മറ്റു തടസങ്ങളൊന്നും ഇനി ബാക്കിയില്ല. ഇംപീച്ച്‌മെന്റ് പ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഉപരി സഭയായ സെനറ്റ് സംഗീകരിച്ചാല്‍ മാത്രമേ ട്രംപിനെ നീക്കം ചെയ്യാനാവൂ.
പ്രമേയം ഔദ്യോഗികമായി സെനറ്റിലേക്ക് അയക്കുന്ന നടപടിക്രമം പൂര്‍ത്തിയായെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭുരിപക്ഷമുള്ള സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസാവാനുള്ള സാധ്യത കുറവാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിന്റെ പ്രതിഛായക്ക് കാര്യമായ ക്ഷതം ഏല്‍പ്പിക്കാന്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ ഉപകരിക്കുമെന്നാണ് ഡമോക്രാറ്റുകളുടെ പ്രതീക്ഷ. അമേരിക്കയുടെ ചരിത്രത്തില്‍ ഇംപീച്ച്‌മെന്റ് നടപടിക്ക് വിധേയമാകുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍