ഡല്‍ഹി പോലീസ് ആസ്ഥാനം ഉപരോധിച്ച സമരക്കാരെ ഒഴിപ്പിച്ചു; വെടിവയ്പ് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം

ന്യൂഡല്‍ഹി: ജാമിയ മിലിയ വിദ്യാര്‍ഥികളുടെ ലോംഗ് മാര്‍ച്ചിനു നേരെയുണ്ടായ വെടിവയ്പില്‍ പ്രതിഷേധിച്ച് ഡല്‍ഹി പോലീസ് ആസ്ഥാനം ഉപരോധിച്ച സമരക്കാരെ കസ്റ്റഡിയിലെടുത്തു. അറുപതോളം സമരക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികളടക്കമുള്ളവരെ പോലീസ് വലിച്ചിഴച്ചാണ് ബസില്‍ കയറ്റിക്കൊണ്ടുപോയത്. ഇന്നലെ രാത്രി മുതല്‍ ഐറ്റിഒയിലെ പോലീസ് ആസ്ഥാനം സമരക്കാര്‍ ഉപരോധിച്ചിരുന്നു. അതേസമയം അക്രമിയുടെ വെടിയേറ്റ് പരിക്ക് പറ്റിയ വിദ്യാര്‍ഥിയെ ഡല്‍ഹി എംയിസില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. വിദ്യാര്‍ഥിയുടെ ചികിത്സാ ചെലവ് ജാമിയ മിലിയ സര്‍വകലാശാല ഏറ്റെടുക്കും. വൈസ് ചാന്‍സിലര്‍ നജ്മ അക്തറാണ് ഇക്കാര്യം പറഞ്ഞത്. മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥി ഷദാബ് നജര്‍ ഫറൂകിനാണ് വെടിവയ്പില്‍ പരിക്കേറ്റത്. കൈക്കു ഗുരുതര പരിക്കേറ്റ ഷദാബിനെ പോലീസ് ബാരിക്കേഡുകള്‍ക്ക് മുകളിലൂടെ എടുത്തുയര്‍ത്തിയാണ് തൊട്ടടുത്ത ഹോളി ഫാമിലി ആശുപത്രിയില്‍ എ ത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയത്. പിന്നീട് എയിംസിലേക്ക് മാറ്റുകയായിരുന്നു. ഒന്നാം വര്‍ഷ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ ഷദാബ് ഗായകനും വോയ്‌സ് ഓവര്‍ ആര്‍ട്ടിസ്റ്റുമാണ്. രാജ്ഘട്ടിലേക്കായിരുന്നു ഗാന്ധിസമാധി ദിനത്തില്‍ വിദ്യാര്‍ഥികള്‍ മാര്‍ച്ച് ആസൂത്രണം ചെയ്തിരുന്നത്. ഹോളി ഫാമിലി ആശുപത്രി പരിസരത്തേക്ക് മാര്‍ച്ച് നീങ്ങുന്നതിനിടെയാണ് അക്രമി വെടിയുതിര്‍ത്തതെന്നും തന്റെ സുഹൃത്ത് ഷദാബിന്റെ ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും രണ്ടാം വര്‍ഷ ഇക്കണോ മിക്‌സ് ബിരുദ വിദ്യാര്‍ഥി ആമ്‌ന ആസിഫ് പറഞ്ഞു. പരിക്കേറ്റ ഷദാബിനെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എയിംസില്‍ സന്ദര്‍ശിച്ചു. നാടന്‍ തോക്കുമായി പ്രതിഷേധത്തിനിടെ കയറിക്കൂടിയ യുവാവ് പെട്ടെന്ന് പ്രതിഷേധക്കാര്‍ക്കു നേരേ തിരിഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ സ്വമേ ധയാ എന്നവിധം പോലീസിനടുത്തേക്ക് നടന്നുചെന്ന് തോക്ക് കൈമാറി കീഴടങ്ങുന്നതും ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. വെടിവയ്പ് അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സ്‌പെഷല്‍ പോലീസ് കമ്മീഷണര്‍ പര്‍വേശ് രഞ്ജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍