വരുന്നു ദേശീയ തൊഴിലില്ലായ്മ രജിസ്റ്റര്‍; പ്രതിഷേധ രജിസ്റ്റര്‍ തയ്യാറാക്കുന്നത് യൂത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:ദേശീയ തൊഴിലില്ലായ്മ രജിസ്റ്റര്‍ തയ്യാറാക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. മിസ്സ് കോള്‍ ക്യാമ്പയിനിലൂടെ ദേശീയ തൊഴിലില്ലായ്മ രജിസ്റ്റര്‍ കണക്കെടുപ്പ് നടത്താനാണ് നീക്കം. ജനുവരി 28 ന് രാഹുല്‍ ഗാന്ധി ക്യാമ്പയിന്റെ ഭാഗമാകും. തൊഴിലില്ലായ്മ അനുദിനം രൂക്ഷമാകുകയും തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന തോതില്‍ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധത്തിന് ഇറങ്ങുന്നത്. ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററും തയ്യാറാക്കും. തൊഴില്‍ രഹിതനാണെങ്കില്‍ 8151994411 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് മിസ് കാള്‍ അടിച്ച് ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററിന്റെ ഭാഗമാകാം. ഒപ്പം വീടുകള്‍ തോറും സന്ദര്‍ശിച്ചും വിവരങ്ങള്‍ ശേഖരിക്കും. രാജ്യത്തെ യുവജനങ്ങളുടെ ശബ്ദമാകുകയാണ് ലക്ഷ്യം. വിഷയം ജനശ്രദ്ധയില്‍ കൊണ്ട് വരാനും ബോധവല്‍ക്കരണത്തിനുമാണ് നീക്കമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി.വി ശ്രീനിവാസ് അറിയിച്ചു. പരീക്ഷ പേ ചര്‍ച്ച നടത്തിയ പ്രധാന മന്ത്രി തൊഴില്‍ രഹിതരായ യുവാക്കളെ വിളിച്ച് ചര്‍ച്ച നടത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഒരു ദിവസം ആത്മഹ്യ ചെയ്യുന്നവരില്‍ 36 പേര്‍ തൊഴില്‍ രഹിതരാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ദേശിയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്ത് വിട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍