മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള സ്‌ഫോടക വസ്തുക്കള്‍ ഫ്‌ളാറ്റുകളിലെത്തിച്ചു

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള സ്‌ഫോടക വസ്തുക്കള്‍ ഫ്‌ളാറ്റുകളിലെത്തി ച്ചു. അഞ്ചാം തിയതിയോടെ മാത്രമേ സ്‌ഫോടകവസ്തുക്കള്‍ നിറക്കാന്‍ ആരംഭിക്കു. അതേസമയം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ക്രമമാറ്റം ഇന്ന് ചേരുന്ന സാങ്കേതികസമിതി യോഗത്തില്‍തീരുമാനിക്കും. പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന ക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. ജനവാസ മേഖലയിലെ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ആദ്യം പൊളിക്കുന്നതിനെതിരായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.ഇന്ന് ചേരുന്ന ടെക്‌നിക്കല്‍ കമ്മിറ്റി യോഗത്തില്‍ പുതുക്കിയ ക്രമം നിശ്ചയിക്കും. ജനവാസമേഖലയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്ന ജെയ്ന്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ആദ്യം സ്‌ഫോടനം നടത്താനാണ് സാധ്യത. മുമ്പ് നിശ്ചയിച്ച അതേ സമയക്രമത്തില്‍ തന്നെയാവും ഫ്‌ലാറ്റുകള്‍ പൊളിക്കുക. ജെയിനിനൊപ്പം ഗോള്‍ഡന്‍കായലോരവും ആദ്യദിവസം പൊളിച്ച് നീക്കാനാണ് നിലവില്‍ സാധ്യത.അപ്രകാരമെങ്കില്‍ ജനവാസ മേഖലക്ക് സമീപമുള്ള മറ്റ് രണ്ട് ഫ്‌ളാറ്റുകളില്‍ ജനുവരി 12 ന് സ്‌ഫോടനം നടത്തും. ഇന്ന് ഉച്ചയോടെ സ്‌ഫോടകവസ്തുക്കള്‍ ഫ്‌ളാറ്റുകളിലെത്തിച്ചേക്കും. സ്‌ഫോടനവസ്തുക്കള്‍ നിറക്കാന്‍ പില്ലറുകളില്‍ ദ്വാരമിടുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സ്‌ഫോടനശേഷം തൂണുകളുടെ അവശിഷ്ടങ്ങള്‍ ദുരേക്ക് തെറിച്ച് പോകാതിരിക്കാന്‍ കമ്പി വലകളും ജിയോ ടെക്‌സ്‌റ്റൈലും ഉപയോഗിച്ച് തൂണുകള്‍ പൊതിയുന്ന ജോലികളും അവസാനഘട്ടത്തിലാണ്.
സമീപത്തെ വീടുകള്‍ക്ക് കേടുപാടുകളുണ്ടായാല്‍ കമ്പോള വിലയ്ക്ക് അനുസരിച്ച് ഇന്‍ഷ്വറന്‍സ് തുക ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ എന്തെങ്കിലും ബുദ്ധമുട്ടുണ്ടാവുകയാണെങ്കില്‍ സര്‍ക്കാരും മരട് നഗരസഭയും ഇടപെട്ട് പരിഹരിക്കും. വീടുകള്‍ പൂര്‍ണമായും തകരുന്ന അവസ്ഥയുണ്ടായാല്‍ കമ്പോള വിലയ്ക്ക് അനുസരിച്ച് തന്നെ നഷ്ടപരിഹാരം ലഭ്യമാക്കും. വിള്ളലുകളും മറ്റും ഉണ്ടായിരിക്കുന്ന വീടുകള്‍ ഫ്‌ളാറ്റ് പൊളിക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം അറ്റകുറ്റപ്പണി ചെയ്തു നല്‍കാനും തീരുമാനമായിട്ടുണ്ട്. മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍, മരട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.എച്ച്. നദീറ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍