എസ്ബിഐ വായ്പാ പലിശനിരക്ക് കുറച്ചു

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പാ പലിശനിരക്ക് കുറച്ചു. പുതുക്കിയ നിരക്കുപ്രകാരം 8.05 ശതമാനത്തില്‍നിന്ന് 7.8 ശതമാനമായാണ് പലിശ കുറച്ചിരിക്കുന്നത്. ബാഹ്യ മാനദണ്ഡങ്ങള്‍ (എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക്) അടിസ്ഥാനമാക്കിയുള്ള പലിശനിരക്കില്‍ (ഇബിആര്‍) കാല്‍ ശതമാനമാണ് കുറച്ചിരിക്കുന്നത്. പുതുതായി ഭവനവായ്പ എടുക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 7.9 ശതമാനം മുതല്‍ പലിശ നിരക്കില്‍ വായ്പ ലഭിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ അറിയിച്ചു. ഇപ്പോഴത്തെ നിരക്ക് 8.15 ശതമാനമാണ്.പലിശനിരക്കു താഴുന്നതോടെ ആനുപാതികമായി ഇഎംഐയില്‍ ഇളവു വരും. 2020 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന തീരുമാനത്തോടെ നിലവിലുള്ള ഭവന, വായ്പാ ഉപഭോക്താക്കള്‍ക്കും, ബാഹ്യ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിരക്കുമായി ബന്ധപ്പെടുത്തി വായ്പകള്‍ നേടിയ എംഎസ്എംഇ വായ്പക്കാര്‍ക്കും പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവുണ്ടാകും.ഡിസംബറിലെ പണവായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതിനു പിന്നാലെ ഇതാദ്യമായാണ് ഒരു ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്. എസ്ബിഐയുടെ എക്‌സ്‌റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക്, ആര്‍ബിഐയുടെ റിപ്പോ നിരക്കുമായി (നിലവില്‍ 5.15%) ബന്ധിപ്പിച്ചിരിക്കുന്നു.നിരക്ക് കുറയ്ക്കുന്നതിനനുസരിച്ച് സുതാര്യമായ രീതിയില്‍ ബാങ്കുകള്‍ പലിശനിരക്കുകള്‍ പരിഷ്‌കരിക്കണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ വര്‍ഷം ഇതുവരെ റിപ്പോ നിരക്കില്‍ 1.35 ശതമാനമാണ് റിസര്‍വ് ബാങ്ക് കുറവുവരുത്തിയത്. എന്നാല്‍ ബാങ്കുകളാകട്ടെ പുതിയ വായ്പകള്‍ക്ക് 0.44 ശതമാനം മാത്രമേ ഇതുവരെ പലിശ കുറച്ചിരുന്നുള്ളൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍