ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞുവെന്ന് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ വളര്‍ച്ച കുത്തനെ കുറഞ്ഞുവെന്നും ഇത് ആഗോളാ വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നും ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. ഇന്ത്യയുടെ സാമ്പത്തിക രംഗം പരിതാപകരമായ സ്ഥിതിയിലാണെന്നും അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്)യുടെ റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നിരക്ക് 4.8 ശതമാനമായി കുറയും. 6.1 ശതമാനമായിരുന്നു പ്രതീക്ഷിച്ച വളര്‍ച്ച നിരക്ക്. പൊതു ബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ ഐ.എം.എഫിന്റെ പുതിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് തലവേദനയാകും.
ബാങ്കിങ് ഒഴികെയുള്ള മേഖലകളിലെ തകര്‍ച്ചയും ഗ്രാമീണ മേഖലയിലെ വരുമാനത്തിലെ തളര്‍ച്ചയുമാണ് ഇന്ത്യന്‍ സമ്പദ് രംഗത്തെ താറുമാറാക്കിയത്. പ്രതീക്ഷിച്ചതിനേക്കാള്‍ 1.3 ശതമാനത്തിന്റെ കുറവ് സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടായി. സാമ്പത്തിക മാന്ദ്യം തിരിച്ചറിഞ്ഞിട്ടും ഗ്രാമീണ മേഖലയെ രക്ഷിക്കാനുള്ള ഉത്തേജന പാക്കേജുകള്‍ ഒന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല.
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടും ഇതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും രൂക്ഷമാണെന്നുള്ള കണക്കുകളും നേരത്തെ പുറത്തു വന്നിരുന്നു.
അതേസമയം, ആഗോള വളര്‍ച്ച 2.9 ശതമാനത്തില്‍ നിന്ന് 2020 ല്‍ 3.3 ശതമാനമായി വര്‍ധിക്കുമെന്നും 2021 ല്‍ 3.4 ശതമാനത്തിലേക്ക് എത്തുമെന്നുമാണ് പ്രതീക്ഷ. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുരടിപ്പ് ആഗോള വളര്‍ച്ച നിരക്കിനെയും ബാധിക്കുമെന്നും ഐ.എം.എഫ് പറയുന്നു. ഇതേസമയം, ഇന്ത്യന്‍ സര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും 201920 ല്‍ 5 ശതമാനം വളര്‍ച്ച കണക്കാക്കുമ്പോള്‍, റേറ്റിങ് ഏജന്‍സിയായ മൂഡീസ് സാമ്പത്തിക വര്‍ഷത്തില്‍ 4.9 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
സമ്പദ്‌വ്യവസ്ഥ ഉയര്‍ത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ ഒഴിവാക്കണമെന്നും പകരം എളുപ്പമുള്ള ധനനയം തിരഞ്ഞെടുക്കണമെന്നും കഴിഞ്ഞ മാസം ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍