ഭാര്യയെ തലയ്ക്കടിച്ചു കൊന്ന കേസ്: വിചാരണ തുടങ്ങി

മഞ്ചേരി: സംശയത്തിന്റെ പേരില്‍ ഭാര്യയെ മഴുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്)യില്‍ ആരംഭിച്ചു. കുഴിമണ്ണ ആക്കപ്പറമ്പ് പുളിയക്കോട് പുറ്റമണ്ണ തവളക്കുഴിയന്‍ പൂലാട്ട് ഉലാം അലി (54) ആണ് പ്രതി. 2017 നവംബര്‍ 22ന് വൈകിട്ട് അഞ്ചരയ്ക്കാണ് കേസിന്നാസ്പദമായ സംഭവം.പ്രതിയുടെ ഭാര്യയും ആക്കപ്പറമ്പ് മേല്‍മുറി പുളിയക്കോട് മുതീരി കോമുക്കുട്ടിയുടെ മകളുമായ ഖദീജ (41) ആണ് കൊല്ലപ്പെട്ടത്. ഏഴു മക്കളുള്ള ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. സംഭവ ദിവസം വഴക്ക് രൂക്ഷമാവുകയും പ്രതി കദീജയെ മര്‍ദിക്കുകയും ചെയ്തു. ഇറങ്ങിയോടിയ കദീജയെ പിന്തുടര്‍ന്നെത്തിയ പ്രതി വീടിനടുത്തുള്ള പറമ്പില്‍ വച്ച് മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍. തലയ്ക്ക് വെട്ടേറ്റ് വീട്ടമ്മയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരി സിഐ എന്‍.ബി.ഷൈജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ 42 സാക്ഷികളുണ്ട്. കൊല്ലപ്പെട്ട ഖദീജയുടെ സഹോദരനും കേസിലെ ഒന്നാം സാക്ഷിയുമായ കുഴിമണ്ണ മുതീരി അലി (52)യെ ഇന്നലെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ വിസ്തരിച്ചു.സഹോദരി കൊല്ലപ്പെട്ട വിവരം ആദ്യം അരീക്കോട് പോലീസ് സ്റ്റേഷനില്‍ അറിയിച്ചത് അലിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍