എ.എസ്.ഐയെ വധിച്ചതിന് പിന്നില്‍ പ്രതികാരം, കളിയിക്കാവിളയില്‍ എത്തിയത് കൃത്യമായ ആസൂത്രണത്തോടെ

തിരുവനന്തപുരം: കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ എ.എസ്.ഐ വില്‍സണെ വെടിവച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. തീവ്രവാദ സംഘങ്ങളെ അറസ്റ്റ് ചെയ്തതിന്റെ പകപോക്കലാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസ് അന്വേഷണത്തിനിടെ തമിഴ്‌നാട് പൊലീസ് നിരന്തരം ഇവരുടെ വീടുകളില്‍ പരിശോധന നടത്തി കുടുംബാംഗങ്ങളെ ഉപദ്രവിച്ചതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നുണ്ട്. പൊലീസ് ഇവരുടെ സഹോദരിമാരെ പിടിച്ചുതള്ളിയെന്നും കൈയില്‍ കയറിപ്പിടിച്ചെന്നും ആരോപണമുണ്ട്.കന്യാകുമാരി, തിരുവിതാംകോട്, അബ്ദുല്‍ ഷെമീം (25), മകന്‍ തൗഫീഖ് (27) എന്നിവരാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. ഷമീം 2014ല്‍ ചെന്നൈയില്‍ ഹിന്ദുമുന്നണി ഓഫീസ് ആക്രമിച്ച് ഒരാളെ കൊന്ന കേസിലും തൗഫീഖ് കന്യാകുമാരിയിലെ ബി.ജെ.പി നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ഇരുവര്‍ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തെക്കന്‍ തമിഴ്‌നാട്ടിലെ ഭീകര പ്രവര്‍ത്തനങ്ങളിലും ഇവര്‍ക്ക് മുഖ്യപങ്കുള്ളതായി സൂചനയുണ്ട്. ഇവരടക്കം നാല് പേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായും ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും തമിഴ്‌നാട് ഇന്റലിജന്‍സ് രണ്ടാഴ്ച്ച മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവര്‍ക്ക് ഭീകര വര്‍ഗീയ സംഘടനാബന്ധവും പൊലീസ് സംശയിക്കുന്നു.പ്രതികള്‍ ആയുധം ഉപയോഗിക്കുന്നതില്‍ വിദഗ്ദപരിശീലനം നേടിയവരാണെന്ന് പൊലീസ് പറയുന്നു. ആക്രമണം നടത്തുന്നതിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനുമുമ്പ് പ്രദേശത്തെക്കുറിച്ച് വ്യക്തമായി സംഘം പഠിച്ചിരുന്നതായും തമിഴ്‌നാട് പൊലീസ് പറഞ്ഞു. ഡ്യൂട്ടിയുള്ള സ്ഥലങ്ങളും ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും ഒഴിവാക്കിയാണ് സംഘം എത്തിയതും മടങ്ങിയതും. കളിയിക്കാവിളയില്‍ ഏറെ തിരക്കുള്ള റോഡിലാണ് ആക്രമണം നടന്ന ചെക്‌പോസ്റ്റ്. രാത്രിയില്‍ ഒന്‍പതരയെങ്കിലും കഴിഞ്ഞാണ് ഇവിടെ ജനസഞ്ചാരം കുറയാറ്. പ്രതികള്‍ രക്ഷപ്പെട്ട ആരാധനാലയവും ഒന്‍പതുമണിയോടെയാണ് വിജനമാകാറ്.അതേസമയം, കൊലയ്ക്കുശേഷം തൗഫീഖും ഷെമീമും കേരളത്തിലേക്ക് കടന്നുവെന്ന സംശയത്തെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മറ്റ് ജില്ലകളിലും പരിശോധനയുണ്ട്. സ്ഥലത്തെ കുറിച്ച് വ്യക്തമായി പഠിച്ചാണ് പ്രതികള്‍ കൊല നടത്തിയത്. തുടര്‍ന്ന് ഓടിരക്ഷപ്പെട്ട പ്രതികള്‍ ഒരു കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിച്ചിട്ടില്ലെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. സ്‌കോര്‍പ്പിയോ കാറിലാണ് ഇവര്‍എത്തിയതെന്നാണ് നിഗമനം. കാമറ ഇല്ലാത്ത സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത ശേഷം ചെക്ക്‌പോസ്റ്റില്‍ എത്തിയെന്നാണ് കരുതുന്നത്. പ്രതികള്‍ക്കായി റെയില്‍വേ സ്റ്റേഷനുകളിലും കര്‍ശന പരിശോധനയുണ്ട്. സി.സി ടി.വി ദൃശ്യങ്ങളും നിരീക്ഷിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍