കുട്ടികള്‍ക്കെതിരേയുളള ലൈംഗികാതിക്രമം തടയാന്‍ കേരള പോലീസിന്റെ 'മാലാഖ'

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് 'മാലാഖ'എന്ന പേരില്‍ ബോധവത്കരണ പരിപാടികള്‍ക്ക് കേരള പോലീസ് രൂപം നല്‍കി. രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍, പോലീസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവത്കരണം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.15 മുതല്‍ മാര്‍ച്ച് 31 വരെ നീളുന്ന തരത്തിലാണ് വിവിധ തരത്തിലുളള പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അതത് ജില്ലകളിലെ പോലീസ് മേധാവിമാര്‍ക്കാണ് പരിപാടികളുടെ മേല്‍നോട്ട ചുമതല. കുട്ടികള്‍ക്കുനേരേയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ സന്ദേശങ്ങള്‍ പതിപ്പിച്ച 'വാവ എക്‌സ്പ്രസ്' എന്ന പേരിലുള്ള പ്രചാരണ വാഹനം സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് ബോധവത്കരണം നടത്തും. ഇതിനുപുറമെ സംസ്ഥാനത്തൊട്ടാകെ ഒപ്പുശേഖരണം, ഘോഷയാത്രകള്‍, സാംസ്‌കാരിക പരിപാടികള്‍, നാടകങ്ങള്‍, തെരുവു നാടകങ്ങള്‍, മണല്‍ ചിത്രരചന, ചലച്ചിത്ര /ടെലിവിഷന്‍ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന പൊതുപരിപാടികള്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, ജനശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൊതുപരിപാടികള്‍ എന്നിവ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍