കുവൈത്തില്‍ ജയിലുകളും ലക്ഷ്വറിയാകുന്നു

കുവൈത്ത്:കുവൈത്തില്‍ ആഡംബര സൗകര്യങ്ങളോടെ പുതിയ ജയില്‍ സമുച്ചയം പണിയാന്‍ പദ്ധതി. തടവുകാരുടെ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര തലത്തിലുള്ള പൊതു മാനദണ്ഡങ്ങളും മനുഷ്യാവകാശ സംഘടനകളുടെ ആവശ്യവും നിറവേറ്റുന്ന തരത്തില്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള പുതിയ സെന്‍ട്രല്‍ ജയില്‍ നിര്‍മിക്കാനാണ് ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നത്.
വി.വി.ഐ.പി തടവുകാര്‍ക്ക് ആഡംബര സൗകര്യങ്ങളും സാധാരണ തടവുകാര്‍ക്ക് നിലവിലേതില്‍ നിന്നു മെച്ചപ്പെട്ട സൗകര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള ജയില്‍ സമുച്ചയമാണ് ആലോചനയിലുള്ളത്.
ശൈത്യകാല തമ്പുകള്‍, ഫിറ്റ്‌നസ് സെന്റര്‍, കായിക മത്സരങ്ങള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കുള്ള വേദികള്‍, ഇങ്ങനെ നീളുന്നു കുവൈത്തില്‍ പണിയാനുദ്ദേശിക്കുന്ന പുതിയ ജയില്‍സമുച്ചയത്തിലെ സൗകര്യങ്ങള്‍. പദ്ധതി പൂര്‍ത്തിയായാല്‍ പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച ജയില്‍ സമുച്ചയം ആയിരിക്കുമിത്.പുനരധിവാസത്തിനും തൊഴില്‍ പരിശീലനത്തിനും പുതിയ ജയിലില്‍ സൗകര്യമുണ്ടാവും. വിവാഹിതരായ തടവുകാര്‍ക്ക് മാസത്തിലൊരു ദിവസം പങ്കാളിയോടൊപ്പം കഴിയുന്നതിനായി പ്രത്യേക മുറികളും നിര്‍മിക്കും. മനുഷ്യാവകാശ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് ജയില്‍ പരിഷ്‌കരണ സമിതിയാണ് പുതിയ ജയില്‍ സമുച്ചയ എന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്. 2327 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള നിലവിലെ സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ 3295 പേരാണ് അന്തേവാസികളായുള്ളത്.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍