സോണിയ ഗാന്ധിയെ പോലെ കുറ്റവാളികളോട് നിങ്ങളും ക്ഷമിക്കണമെന്ന്
ഇന്ദിര ജയ്‌സിങ്;അതുപറയാന്‍ ഇന്ദിര ആരെന്ന് നിര്‍ഭയയുടെ അമ്മ

കോഴിക്കോട്: രാജ്യമനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളോട് ക്ഷമിക്കണമെന്ന് നിര്‍ഭയയുടെ അമ്മയോട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്. പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള തിയതി ഡല്‍ഹി കോടതി വീണ്ടും നീട്ടിയതില്‍ കടുത്ത നിരാശയുണ്ടെന്ന നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ പ്രതികരണത്തിന് പിന്നാലെയാണ് സോണിയ ഗാന്ധിയെ മാതൃകയാക്കാന്‍ ആവശ്യപ്പെട്ട് ഇന്ദിര ജയ്‌സിങ് രംഗത്തുവന്നത്.
'ആശാ ദേവിയുടെ വേദന ഞാന്‍ പൂര്‍ണ്ണമായി തിരിച്ചറിയുന്നതോടൊപ്പം തന്നെ, നളിനിയോട് ക്ഷമിച്ച സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരാന്‍ ഞാന്‍ അവരോട് അഭ്യര്‍ഥിക്കുന്നു. നളിനിക്ക് വധശിക്ഷ വേണ്ടെന്നായിരുന്നു സോണിയയുടെ പക്ഷം. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്, പക്ഷേ വധശിക്ഷയ്‌ക്കെതിരാണ്,' ഇന്ദിര ജയ്‌സിങ് ട്വീറ്റ് ചെയ്തു. 1991 ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ അറസ്റ്റിലായ നളിനി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
'സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരുക, കുറ്റവാളികളോട് ക്ഷമിക്കുക' എന്ന ഇന്ദിരയുടെ പ്രസ്താവനയോട് ആശാ ദേവി രൂക്ഷമായാണ് പ്രതികരിച്ചത്. ''എനിക്ക് അത്തരമൊരു നിര്‍ദ്ദേശം നല്‍കാന്‍ ഇന്ദിര ജയ്‌സിങ് ആരാണ് ഈ കുറ്റവാളികളെ തൂക്കിലേറ്റണമെന്നാണ് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നത്. ഇന്ദിരയെ പോലെയുള്ളവര്‍ കാരണം ബലാത്സംഗത്തിനിരയായവര്‍ക്ക് നീതി ലഭിക്കുന്നില്ല,' ആശാ ദേവി പറഞ്ഞു.
ജനുവരി 22 ന് പ്രതികളെ തൂക്കിലേറ്റുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി ഒന്നിന് രാലിലെ ആറ് മണിക്ക് പ്രതികളെ തൂക്കിലേറ്റുമെന്ന് കാണിച്ചാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
അതിനിടെ ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗിനെതിരേ നിര്‍ഭയയുടെ അമ്മ ആശാദേവി രംഗത്ത്. ഇന്ദിരയെ പോലുള്ളവര്‍ കാരണം രാജ്യത്ത് നീതി നടപ്പാകുന്നില്ല. കുറ്റവാളികളോട് പൊറുക്കണമെന്ന് പറയാന്‍ ഇന്ദിര ജെയ്‌സിംഗ് ആരാണെന്നും നിര്‍ഭയയുടെ അമ്മ ചോദിച്ചു.


മുംബൈ കൂടുതല്‍
സജീവമാകും;
മാളുകളും
ഭക്ഷണശാലകളും
ഇനി 24 മണിക്കൂര്‍
മുംബൈ: മുംബൈയിലെ മാളുകളും ഭക്ഷണശാലകളും ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും. മൂന്നു പതിറ്റാണ്ടായി തുടര്‍ന്ന നിയന്ത്രണം അവസാനിപ്പിക്കാന്‍ മഹാരാഷ്ട്ര പരിസ്ഥിതി, ടൂറിസം മന്ത്രി ആദിത്യ താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഈ മാസം 26 അര്‍ധരാത്രി മുതല്‍ നയം പ്രാബല്യത്തില്‍വരും.
ഇതോടെ ഷോപ്പിംഗ് മാളുകള്‍, ഭക്ഷണശാലകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, ഷോപ്പിംഗ് പ്ലാസകള്‍ എന്നിവയൊക്കെ ഇനി 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാകും. എന്നാല്‍ റെസിഡന്‍ഷല്‍ മേഖലകളിലെ നിയന്ത്രണം തുടരും. കര്‍ശന ഉപാധികളോടെയാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. പാര്‍ക്കിംഗ് മേഖലകളില്‍ ഉള്‍പ്പെടെ സിസിടിവി എന്നിങ്ങനെ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നീക്കത്തെ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്വാഗതം ചെയ്തു. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ തുറക്കുമെന്നും ഇതു കൂടുതല്‍ തൊഴിലവസരങ്ങള്‍ തുറന്നുനല്‍കുമെന്നും ബിഎംസി കമ്മീഷണര്‍ പ്രവീണ്‍ പ്രദേശി ചൂണ്ടിക്കാട്ടി.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍