ഭയപ്പെടുത്തി പണപ്പെരുപ്പം, ആറ് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറവില നാണയപ്പെരുപ്പം ആശങ്കാജനകമാംവിധം ഉയര്‍ന്ന് 7.35% ആയി. ആറ് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വായ്പാ പലിശ നിരക്കിലുള്‍പ്പടെ ഈ വര്‍ദ്ധന പ്രതിഫലിക്കും. ചില്ലറവിപണിയിലെ വിലവര്‍ദ്ധനയെ അടിസ്ഥാനമാക്കിയാണ് റീട്ടെയ്ല്‍ നാണയപ്പെരുപ്പം നിശ്ചയിക്കുക. നിത്യോപയോഗ വസ്തുക്കള്‍ക്ക് വില ഉയരുക എന്നതാണ് ഫലം. കാര്‍ഷിക ഉല്പാദനം കുറഞ്ഞതും ഇന്ധനവില വര്‍ദ്ധിച്ചതും സവാള ഉള്‍പ്പടെയുള്ള നിത്യോപയോഗ വസ്തുക്കളുടെ ഇറക്കുമതി കൂടിയതുമൊക്കെയാണ് ഇപ്പോള്‍ നിരക്ക് ഉയരാന്‍ കാരണമായത്. കുറഞ്ഞത് രണ്ട് ശതമാനവും കൂടിയത് ആറ് ശതമാനവുമാണ് റിസര്‍വ് ബാങ്ക് സുരക്ഷിതമായി കരുതുന്ന റീട്ടെയ്ല്‍ നാണയപ്പെരുപ്പ നിരക്ക്. ആറ് ശതമാനത്തില്‍ ഉയര്‍ന്നാല്‍ റിപ്പോ പലിശ നിരക്ക് ഉയര്‍ത്തേണ്ടി വരും. വായ്പാ പലിശ നിരക്ക് ഉയരാനും കാരണമാകും. വിപണിയിലേക്കുള്ള പണം വരവിനെ ബാധിച്ച് പ്രശ്‌നംകൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യും. കേന്ദ്രബഡ്ജറ്റിന് ശേഷം ഫെബ്രുവരി ആറിന് ചേരുന്ന റിസര്‍വ് ബാങ്ക് ധനനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് കൂട്ടുന്ന കാര്യത്തില്‍ തീരുമാനമാകും. റീട്ടെയ്ല്‍ നാണയപ്പെരുപ്പ നിരക്ക് നാല് ശതമാനത്തില്‍ കുറയ്ക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനപ്പെടുത്തി നിര്‍ണയിക്കുന്ന ഈ നിരക്ക് 2016 ജൂലായ് മുതല്‍ നാല് ശതമാനത്തില്‍ താഴെയായിരുന്നു. 2018 ഡിസംബറില്‍ 2.11 ശതമാനവും 2019 നവംബറില്‍ 5.54 ശതമാനവുമായിരുന്നു. രണ്ട് മാസംകൊണ്ടാണ് നിരക്ക് കുതിച്ചുയര്‍ന്നത്. 2019ല്‍ റീട്ടെയ്ല്‍ നാണയപ്പെരുപ്പ നിരക്ക് നാലില്‍ താഴെ നിന്നപ്പോഴാണ് റിപ്പോ നിരക്കില്‍ 1.35 ശതമാനം റിസര്‍വ് ബാങ്ക് കുറച്ചത്. 2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആദ്യമായായാണ് ഇത്രയും വലിയ കുറവ് ഉണ്ടായത്.അടിസ്ഥാന നാണ്യപ്പെരുപ്പ നിരക്ക് ഇപ്പോള്‍ 3.7 ശതമാനമാണ്. നവംബറിന് ശേഷം ഇതില്‍ നേരിയ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായത്. ഭക്ഷ്യനാണയപ്പെരുപ്പവും വര്‍ദ്ധിച്ചു. കഴിഞ്ഞ നവംബറില്‍ 10.1% ഉണ്ടായിരുന്ന ഈ നിരക്ക് ഇപ്പോള്‍ 14.12% ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍