സാമ്പത്തികമാന്ദ്യത്തിലും സഹകരണമേഖല ശക്തം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ദേശീയതലത്തില്‍ സാമ്പത്തികമാന്ദ്യവും പൊതുമേഖലാ ബാങ്കുകളുടെ തകര്‍ച്ചയും നേരിടുന്ന സാഹചര്യത്തിലാണ് സഹകരണമേഖലയുടെ ശക്തിയും സാന്നിദ്ധ്യവും പ്രസക്തമാകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെയും നവകേരളീയം കുടിശ്ശിക നിവാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയെ കൂടുതല്‍ ശക്തമാക്കുന്നതിനും ആധുനീകരിക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേരളബാങ്ക് രൂപീകരിച്ചത്. രണ്ടുവര്‍ഷത്തിനുള്ളില്‍ മൂന്നുലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്കായി വളര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി. ജോയ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ പി.കെ. ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍, ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ഡി. കൃഷ്ണകുമാര്‍, സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം പ്രസിഡന്റ് എന്‍. സുഭാഷ് എന്നിവര്‍ സംസാരിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം സെക്രട്ടറി എസ്. റഫീക് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍