കൊറോണ വൈറസിനെതിരെ മുന്‍കരുതല്‍; യു.എ.ഇ വിമാനത്താവളങ്ങളില്‍ സ്‌ക്രീന്‍ ടെസ്റ്റ് തുടങ്ങി


യു.എ.ഇ :കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാരെ യു.എ.ഇ വിമാനത്താവളങ്ങളില്‍ സ്‌ക്രീന്‍ ടെസ്റ്റിനു വിധേയമാക്കി തുടങ്ങി. നിരീക്ഷണം ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. അതേ സമയം രാജ്യത്ത് കൊറോണ കേസുകള്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രാവിലെ മുതല്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാരെ സ്‌ക്രീന്‍ ടെസ്റ്റിനു വിധേയമാക്കിയത്. വൈകീട്ട് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്‌ക്രീന്‍ ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തി. ഷാര്‍ജ ഉള്‍പ്പെടെ യു.എ.ഇയിലെ മറ്റു വിമാനത്താവളങ്ങളിലും ചൈനയില്‍ നിന്നുള്ള യാത്രക്കാരെ സ്‌ക്രീന്‍ ടെസ്റ്റിന് ഉടന്‍ വിധേയമാക്കും എന്നാണ് സൂചന. ചൈനയില്‍ നിന്ന് നേരിട്ട് യു.എ.ഇ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നവരെ മാത്രമാണ് സ്‌ക്രീന്‍ ടെസ്റ്റിനു വിധേയമാക്കുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി എന്ന നിലക്കാണ് വിമാനത്താവളങ്ങളിലെ പരിേശാധനാ സംവിധാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചൈനയുടെ വിവിധ നഗരങ്ങളില്‍ നിന്ന് നിത്യം ആയിരങ്ങളാണ് യു.എ.ഇ എയര്‍പോര്‍ട്ടുകളില്‍ വന്നിറങ്ങുന്നത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നു നേരിട്ടല്ലാതെയും രാജ്യത്തേക്കു കടക്കുന്ന യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കും. കൊറോണ ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കണമെന്ന നിര്‍ദേശവും യു.എ.ഇ നല്‍കി. രാജ്യത്ത് ഇതുവരെ ഒറ്റ കൊറോണ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍