വിവാഹ കേക്ക് മുറിച്ചത് വടിവാളുപയോഗിച്ച്, നവവരനും സുഹൃത്തിനുമെതിരെ കേസെടുത്തു

ചെന്നൈ: കല്യാണ വിരുന്നിനിടെ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച നവവരനെതിരെ പൊലീസ് കേസെടുത്തു. ചെന്നൈയിലാണ് സംഭവം. തിരുവര്‍ക്കാട് കരുമാരിയമ്മന്‍ കോയില്‍ ഭുവനേഷ് (23) ആണ് വടിവാള്‍ ഉപയോഗിച്ച് വിവാഹ കേക്ക് മുറിച്ചത്. ഭുവനേഷിന്റെ സുഹൃത്ത് മണിക്കെതിരെയും പൊലീസ് കേസെടുത്തു.കേക്ക് മുറിച്ച ശേഷം വരനും, സുഹൃത്തും വടിവാള്‍ പിടിച്ച് സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. എന്നാല്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതിനുശേഷം മണി ഒളിവിലാണ്.ഭുവനേഷിന്റെ പിതാവും വീഡിയോ കണ്ടിരുന്നു. തുടര്‍ന്ന് പിതാവ് ഭുവനേഷിനെ വീട്ടിലെത്തി മര്‍ദ്ദിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വധുവിന്റെ വീട്ടിലെ അത്താഴ വിരുന്നിനായി ഭുവനേഷും കുടുംബവും പോയതിനാല്‍ ഭുവനേഷിനെ അറസ്റ്റ് ചെയ്തില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.ചരിത്ര ബിരുദധാരിയായ ഭുവനേഷ് ഇപ്പോള്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. തന്റെ സഹപ്രവര്‍ത്തകരെയും, സുഹൃത്തുക്കളെയും ഭുവനേഷ് തന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഭുവനേഷിന്റെ കല്യാണ വിരുന്ന് വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാന്‍ ഒരു കേക്കും, വടിവാളുമായാണ് സുഹൃത്തുക്കള്‍ വന്നതെന്നും പൊലീസ് പറഞ്ഞു. മൂന്നടി നീളമുള്ള വടിവാള്‍ ഉപയോഗിച്ചാണ് ഭുവനേഷ് കേക്ക് മുറിക്കുന്നത്. 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മുപ്പതോളം ചെറുപ്പക്കാര്‍ സ്റ്റേജില്‍ കയറി വിവാഹ വിരുന്ന് ആഘോഷിക്കുന്നതും കാണാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍