ജനമൈത്രി ബീറ്റ് ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ നിരീക്ഷിക്കും

തിരുവനന്തപുരം: ജനമൈത്രി ബീറ്റ് ഡ്യൂട്ടിയ്ക്ക് പോകുന്ന ബീറ്റ് ഓഫീസര്‍മാര്‍ അതാത് സ്റ്റേഷന്‍ പരിധിയിലെ ജനമൈത്രി വിവരശേഖരണത്തിനു പുറമേ കുറ്റവാളികളെ കുറിച്ച് കൂടി വിവരശേഖരണവും നിരീക്ഷണവും നടത്തണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
കമ്മീഷണര്‍ ഓഫീസില്‍ വച്ച് നടന്ന സിറ്റിയിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരുടെ അവലോകന യോഗത്തിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്. അതാത് സ്റ്റേഷന്‍ പരിധിയിലെ കേഡി, ഡിസി, റൗഡി, ഗുണ്ടാ ആക്ട് പ്രകാരം കരുതല്‍തടങ്കല്‍ കഴിഞ്ഞ് പുറത്ത് ഇറങ്ങിയവരുടെ പ്രവര്‍ത്തനമാണ് ബീറ്റ് ഓഫീസര്‍മാര്‍ നിരീക്ഷിക്കേണ്ടത്.
മോഷണ കേസുകള്‍ ഉള്‍പ്പെട്ട ആളുകള്‍, മയക്കുമരുന്ന് മാഫിയായില്‍ ഉള്‍പ്പെട്ടവര്‍ എന്നിങ്ങനെയുള്ളവരുടെ വിവരശേഖരണം നടത്തുകയും, അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് എസ്എച്ച്ഓമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
ജനമൈത്രി ഓഫീസര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തുമ്പോള്‍ പുതുതായി ഏര്‍പ്പെടുത്തിയ പോലീസ് എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ നമ്പര്‍ ആയ 112 നെ കുറിച്ച് വീട്ടുകാര്‍ക്ക് ബോധവത്കരണം നടത്തണമെന്നും കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ നിര്‍ദേശിച്ചു. എസ്എച്ച്ഒമാര്‍ ജനമൈത്രി മീറ്റിങ്ങുകള്‍ കൃത്യമായി നടത്തണം. വീടുകളിലും റസിഡന്റ്‌സ് ഏരിയാ കേന്ദ്രീകരിച്ചും സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബീറ്റ് ഓഫീസര്‍മാര്‍ ബോധവത്കരണം നടത്തും.
ബീറ്റ് ഓഫീസര്‍മാര്‍ ബീറ്റ് പോകുന്ന അവസരത്തില്‍ തങ്ങളുടെ ഒഫീഷ്യല്‍ ഫോണ്‍ നമ്പരുകള്‍ കൂടി പൊതുജനങ്ങള്‍ക്ക് നല്‍കണമെന്നും കമ്മീഷണര്‍ അറിയിച്ചു. ജനമൈത്രി ഓഫീസര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ രഹസ്യ സ്വഭാവം നിലനിര്‍ത്തികൊണ്ട് തന്നെ എസ്എച്ച്ഓ മാരുടെ നേതൃത്വത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും അദേഹം നിര്‍ദേശം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍