കൂടത്തായ് കൊലപാതക പരമ്പര:ആല്‍ഫൈന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

താമരശേരി : കൂടത്തായി കൊലപാതക പരമ്പരയിലെ കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആല്‍ഫൈന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവമ്പാടി സിഐ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം താമരശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആറു പേരെ ആസൂത്രിതമായികൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളി(47), ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ മഞ്ചാടിയില്‍ എം.എസ്.മാത്യു എന്ന ഷാജി(44), മാത്യുവിന് സയനൈഡ് കൊടുത്ത താമരശേരി തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പ്രജികുമാര്‍(48), വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായിച്ച കട്ടാങ്ങല്‍ സ്വദേശി തട്ടൂര്‍പൊയില്‍ കെ.മനോജ് എന്നിവരാണ് കേസിലെ പ്രതികള്‍ . കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്നാമത്തെ കേസിലാണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. 139 സാക്ഷികളും 130 രേഖകളുമായി 500ഓളം പേജുള്ളതാണ് കുറ്റപത്രം. ഷാജുവിനെ വിവാഹം ചെയ്യുമ്പോള്‍ പെണ്‍കുഞ്ഞ് എന്ന നിലയില്‍ ആല്‍ഫൈന്‍ ബാധ്യതയാകും എന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് ജോളിയെ നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 2014 മെയ് മൂന്നിനാണ് ആല്‍ഫൈന്‍ കൊല്ലപ്പെട്ടത്. സിലിയുടെ മകന്റെ ആദ്യ കുര്‍ബാന ദിവസം പുലിക്കയത്തെ വീട്ടില്‍വച്ചായിരുന്നു ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ സഹോദരന്‍ റോജോ തോമസ് മുഖ്യസാക്ഷിയാണ്. സ്ഥിരമായി സയനൈയ്ഡ് കൊണ്ടുനടക്കുന്ന ജോളി തന്റെ ബാഗില്‍ കരുതിയ സയനൈഡ് കുപ്പിയില്‍ വിരല്‍ തൊട്ട് ബ്രെഡില്‍ തേച്ച് വയ്ക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്. സങ്കീര്‍ണമായ കേസാണ് ആല്‍ഫൈന്റേത് എന്ന് റൂറല്‍ എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു. കണ്ണികള്‍ യോജിപ്പിച്ചപ്പോള്‍ കിട്ടിയ തെളിവുകള്‍ നിര്‍ണായകമായി. ജോളി ബ്രെഡ് എടുക്കുന്നതും പുരട്ടുന്നതും കണ്ടവര്‍ ഇക്കാര്യം വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ട്. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയെന്നു പറഞ്ഞാണ് ആല്‍ഫൈനെ ആശുപത്രിയില്‍ എത്തിച്ചത്. ആല്‍ഫൈന്‍ ആശുപത്രിയിലായിട്ടും യാതൊരു മനസാക്ഷിക്കുത്തില്ലാതെയായിരുന്നു ജോളിയുടെ പെരുമാറ്റമെന്നും എസ്പി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍