ജസ്റ്റീസ് ലോയയുടെ മരണം പുനരന്വേഷിക്കാന്‍ തയാറെന്നു മഹാരാഷ്ട്ര മന്ത്രി

മുംബൈ: പ്രത്യേക സിബിഐ ജഡ്ജി ജസ്റ്റീസ് ബി.എച്ച്. ലോയയുടെ മരണം പുനരന്വേഷിക്കാന്‍ നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കൃത്യമായ തെളിവുകളോടെ പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് തയാറാണെന്ന് എന്‍സിപി വക്താവും മന്ത്രിയുമായ നവാവ് മാലിക് വ്യക്തമാക്കി. ഉദ്ദവ് താക്കറെ സര്‍ക്കാരിലെ എന്‍സിപി മന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മാലിക്. എന്‍സിപി യോഗത്തില്‍ പവാറും പങ്കെടുത്തിരുന്നു. ശരത് പവാറും സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും ലോയയുടെ മരണത്തില്‍ അന്വേഷണത്തിന് തയാറാണെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നു മാലിക് ചൂണ്ടിക്കാട്ടി. അതേസമയം, തെളിവില്ലാതെ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകില്ലെന്നും മാലിക് വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കഠാരിയ തുടങ്ങിയവര്‍ പ്രതികളായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നടക്കവേ 2014 ഡിസംബര്‍ ഒന്നിനു നാഗ്പുരിലെ ഗസ്റ്റ് ഹൗസിലാണ് ജഡ്ജി ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത് ഷാ നേരിട്ടു കോടതിയില്‍ ഹാജരാകണമെന്നു ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും ലോയയുടെ സഹോദരിയും ഫോറന്‍സിക് വിദഗ്ധരും അതിനു വിരുദ്ധമായി വെളിപ്പെടുത്തല്‍ നടത്തിയതോടെയാണു ദുരൂഹത വര്‍ധിച്ചത്. എന്നാല്‍, ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍