പുനലൂരിനെയും പാലക്കാടിനെയും കടത്തിവെട്ടി കോട്ടയത്ത് കഠിനമായ ചൂട്

 കോട്ടയം: പുനലൂരിനെയും പാലക്കാടിനെയും കടത്തിവെട്ടി താപനിലയില്‍ കോട്ടയം കത്തിക്കയറുന്ന പ്രതിഭാസത്തെപ്പറ്റി കാലാവസ്ഥാ നിരീക്ഷണ വിഭാഗം പ്രത്യേകം പഠിക്കുന്നു. ഒരാഴ്ചയായി കോട്ടയത്തെ പകല്‍ താപനില 37 ഡിഗ്രി. നോക്കിനില്‍ക്കെ മാര്‍ച്ച് മാസത്തിലെ താപനിലയിലേക്ക് ജനുവരി ചൂട് കത്തിക്കയറുന്ന അസാധാരണ സാഹചര്യത്തിലാണ് കോട്ടയം പഠനവിഷയമാക്കുന്നത്. പതിവിനു വ്യത്യസ്തമായി 3.5 ഡിഗ്രി ചൂട് 2020 ജനുവരിയില്‍ കോട്ടയത്തു മാത്രം കൂടിയതിന് വ്യക്തമായ ഉത്തരം ആര്‍ക്കുമില്ല.ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന സ്ഥലമായി ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്ക് ഇടം പിടിച്ചിരുന്നു. മഴ മാറിയതിനു പിന്നാലെയാണ് ജില്ലയൊട്ടാകെ ചുട്ടുപൊള്ളുന്നത്. കേരളത്തില്‍ പൊതുവെ വേനല്‍ച്ചൂട് കൂടുതലുള്ള പാലക്കാട്ടും പുനലൂരും നിലവിലെ ചൂട് 35.5 ഡിഗ്രി മാത്രമാണ്. നിലവില്‍ രാവിലെ 10നു കോട്ടയത്തെ ശരാശരി താപനില 28 ഡിഗ്രി. തുടര്‍ന്നുള്ള മൂന്നു മണിക്കൂറിനുള്ളില്‍ ചൂടില്‍ ഒന്‍പതു ഡിഗ്രിയുടെ വര്‍ധനയാണുള്ളത്. ഈര്‍പ്പത്തിന്റെ തോത് 60 കടന്നിരിക്കെ രാത്രി കടുത്ത ഉഷ്ണവും അനുഭവപ്പെടുന്നു. റബര്‍ തോട്ടങ്ങള്‍ തണല്‍ വിരിക്കുന്ന കോട്ടയം താരമന്യേന ചൂട് കുറഞ്ഞ ജില്ലകളുടെ നിരയിലാണ് ഇടം പിടിച്ചിരുന്നത്. ചൂട് ഇക്കൊല്ലം റിക്കാര്‍ഡ് കുറിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ചൂട് ഏറുന്നതിനാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. യാത്രക്കാര്‍ക്കും പുറം പണികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കും വളരെ അസ്വസ്ഥതയാണ് ചൂടുണ്ടാക്കുന്നത്. പല ആരോഗ്യപ്രശ്‌നങ്ങളും ഇതു സൃഷ്ടിക്കുമെന്നു വിലയിരുത്തുന്നു. വെയിലിപുനലൂരിനെയും ഏറിയതോടെ മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് വളരെയധികം കുറഞ്ഞിരിക്കുന്നു. ജലക്ഷാമവും ഏറി വരുന്നുണ്ട്. പുതുവര്‍ഷത്തില്‍ നേരത്തെ തന്നെ ചൂടെത്തിയതിനാല്‍ താമസിയായെ മഴയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. മീനച്ചില്‍ താലൂക്കില്‍ രണ്ടാഴ്ച മുമ്പ് ചെറിയ മഴ ലഭിച്ചിരുന്നു. വരുംദിവസങ്ങളില്‍ താപനില ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെ വെയില്‍ കൊള്ളുന്നതു ഒഴിവാക്കണമെന്നും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ശുദ്ധവെള്ളം ധാരാളം കുടിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശവുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍