കുട്ടികള്‍ക്കു നേരെയുള്ള പീഡനം: കവചം പദ്ധതിക്കു തുടക്കമായി

കണ്ണൂര്‍: കുട്ടികള്‍ക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങളില്‍ നല്ലൊരു ശതമാനവും വീടുകളിലാണെന്നതു ദൗര്‍ഭാഗ്യകരമാണെന്നും അതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള കവചത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങളില്‍ വീട്ടിലെ സാഹചര്യം, വീടുമായി ബന്ധപ്പെടുന്നവര്‍, ചുറ്റുപാട് എന്നിവയൊക്കെ ഗൗരവമായ നിരീക്ഷണത്തിനു വിധേയമാക്കേണ്ടതുണ്ട്. സാമൂഹ്യസുരക്ഷാ വകുപ്പിന്റെയും പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പദ്ധതി വരുമ്പോള്‍ ഇതു കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ പറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോക്‌സോ കേസുകള്‍ കൃത്യസമയത്തു രജിസ്റ്റര്‍ ചെയ്യാനും നടപടി വേഗത്തിലാക്കാനും സാധിക്കണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജ അഭിപ്രായപ്പെട്ടു.ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വീടിനകത്തും പുറത്തും സന്തോഷകരമായ ജീവിതം ഉറപ്പാക്കുന്നതാണു കവചം പദ്ധതി. സാമൂഹ്യസുരക്ഷാ വകുപ്പിനെയും സഹകരിപ്പിച്ചാകും സര്‍വേ ഉള്‍പ്പെടെ നടത്തുക. ആദ്യഘട്ടത്തില്‍ കണ്ണൂര്‍ റേഞ്ച് അടിസ്ഥാനത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തിന്റെയും റേഞ്ച് ഡിഐജി കെ. സേതുരാമന്‍ രചിച്ച മലയാളി ഒരു ജനിതക വായന എന്ന പുസ്തകത്തിന്റെയും കുട്ടികളുടെ സുരക്ഷ, സ്ത്രീ സുരക്ഷ, റോഡ് സുരക്ഷ എന്നീ ലക്ഷ്യം മുന്‍നിര്‍ത്തി അന്‍ഷാദ് കരുവഞ്ചാല്‍ തയാറാക്കിയ ഹ്രസ്വചിത്രം കാഴ്ചയ്ക്കപ്പുറം സിഡി പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായിരുന്നു. മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ്, ഉത്തരമേഖല ഐജി അശോക് യാദവ്, ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, റേഞ്ച് ഡിഐജി കെ. സേതുരാമന്‍, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഇ.ഡി. ജോസഫ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ എ.പി. പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍