ലാന്‍ഡ്‌ഫോണ്‍ തകരാറുകള്‍ പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍ നടപടി സ്വീകരിക്കുന്നില്ല

കോഴിക്കോട് ലാന്‍ഡ്‌ഫോണ്‍ തകരാറുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്ത ബിഎസ്എന്‍എല്‍ നിലപാടില്‍ പ്രതിഷേധം ശക്തം. സമീപകാലത്ത് ഫോണ്‍ കണക്ഷന്‍ തകരാറുകള്‍ പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന പരാതി വ്യാപകമായിരിക്കുകയാണ്. അഞ്ചുമിനിറ്റിനുള്ളില്‍ തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ അഞ്ചു ദിവസം ആയിട്ടും പരിഹരിക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. എല്ലായിടത്തും ഇത്തരം അലസ മനോഭാവമാണ് അധികൃതര്‍ കൊള്ളുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. തകരാറുകള്‍ പരിഹരിക്കേണ്ടുന്ന നമ്പറിലേക്ക് വിളിച്ച് അറിയിച്ചാല്‍ പിന്നെ കാത്തിരിപ്പാണ്. ദിവസങ്ങള്‍ ഇതിനിടയില്‍ കടന്നു പോയിട്ടുണ്ടാകും. ഒന്നുകൂടി അറിയിക്കാം എന്ന് കരുതി വിളിച്ചാല്‍ നിങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്തു എന്ന മറുപടിയാണ് ലഭിക്കുക. ബന്ധപ്പെട്ട എക്‌സ്‌ചേഞ്ചുകളിലേക്ക് വിളിച്ചാല്‍ ഫോണ്‍ അറ്റന്‍ഡ് പോലും ചെയ്യാറില്ല തകരാറുകള്‍ വന്നുപെട്ടാല്‍ പിന്നെ ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകള്‍ നോക്കുകുത്തി ആണ് എന്നതാണ് സ്ഥിതി. ഒരു പ്രയോജനവുമില്ല, വരിസംഖ്യ കൃത്യമായി അടയ്ക്കുകയും വേണം! പരാതി പരിഹരിക്കുന്നതില്‍ ബിഎസ്എന്‍എല്‍ കാട്ടുന്ന നിരുത്തരവാദിത്തപരമായ സമീപനം ഒരു കാരണവശാലും ന്യായീകരിക്കാന്‍ ആകില്ലെന്ന നിലപാടിലാണ് ഉപഭോക്താക്കള്‍. പ്രതിസന്ധിയിലൂടെയാണ് ബിഎസ്എന്‍എല്‍ കടന്നുപോകുന്നത് എന്ന് മാത്രമാണ് ഇതുമായി ബന്ധപ്പെട്ടവര്‍ വാദം ഉയര്‍ത്തുന്നത് ജീവനക്കാര്‍ അധികവും നിര്‍ബന്ധിത റിട്ടയര്‍മെന്റ് വാങ്ങി പോവുകയാണ്. ഇന്നും നാളെയുമായി കോഴിക്കോട് വയനാട് ജില്ലകളില്‍ നിന്നും 310 പേരാണ് വിആര്‍എസ് എടുത്തു പിരിയുന്നത്. സ്വകാര്യവല്‍ക്കരണമോ അടച്ചുപൂട്ടലോ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് പരസ്യമായി പ്രഖ്യാപിക്കണമെന്നും ഉപഭോക്താക്കളെ ഇങ്ങനെ വട്ടം കറക്കരുതെന്നുമാണ് ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഗതികെട്ട് ആവശ്യപ്പെടുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍