ജിഎസ്ടി ആര്‍ വണ്‍ ഫയല്‍ ചെയ്യാനായില്ല, വ്യാപാരികള്‍ക്ക് വന്‍പിഴ

പത്തനംതിട്ട: ജിഎസ്ടി ആര്‍ വണ്‍ ഫയല്‍ ചെയ്യുമ്പോള്‍ വെബ് സെറ്റ് തകരാറിലായി ഫയല്‍ ചെയ്യാന്‍ പറ്റാത്ത വ്യാപാരികളില്‍ നിന്ന് വന്‍തുക പിഴ ഈടാക്കുന്നതായി പരാതി. തങ്ങളുടേതല്ലാത്ത കുറ്റത്തിന് പിഴ അടയ്‌ക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. ജിഎസ്ടിആര്‍ വണ്‍ ഫയല്‍ ചെയ്യേണ്ട തീയതി കഴിഞ്ഞ ദിവസം അവസാനിച്ചെങ്കിലും ധാരാളം വ്യാപാരികള്‍ക്ക് ഇതേവരെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഒരു കോടിയോളം രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള വ്യാപാരികളില്‍ ഒന്നര ശതമാനത്തിനു മാത്രമേ ഒരേ സമയം നെറ്റില്‍ കയറി ലോഗിന്‍ ചെയ്യാന്‍ കഴിയുന്നുള്ളൂ. അവസാന ദിവസം എല്ലാവരും ഒരുമിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ശ്രമിക്കുന്നതാണ് വെബ് സെറ്റ് തകരാറിലാകാന്‍ പ്രധാനകാരണമായി അധികൃതര്‍ പറയുന്നത്. കണക്കുകള്‍ ശരിയാക്കുന്ന പ്രാക്ടീഷണര്‍മാരുടെ ജോലി ഭാരവും കണക്കുകള്‍ ക്രോഡീകരിച്ച് പ്രാക്ടീഷണേഴ്‌സിന് നല്‍കാന്‍ വരുന്ന കാലതാമസം മൂലവം റിട്ടേണ്‍ ഫയല്‍ ചെയ്യല്‍ അവസാന ദിവസത്തേക്ക് നീളുമ്പോള്‍ പത്ത് മിനിറ്റ് എടുത്തിരുന്ന ഫയലിംഗ് ഒരു ദിവസം മുഴുവന്‍ ശ്രമിച്ചാലും റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ല. മാത്രമല്ല, പത്ത് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒടിപി ലഭിക്കാന്‍ ഒരു ദിവസത്തെ കാത്തിരിപ്പ് വേണ്ടി വരുന്നു. സോഫ്റ്റ് വെയര്‍ തയാറാക്കിയ കമ്പനികളുടെ ശ്രദ്ധക്കുറവോ പരിചയമില്ലായ്മയോയാണ് ഇത്തരത്തിലുള്ള കാലതാമസത്തിനും തകരാറിനും കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഞ്ച് ശതമാനം വ്യാപാരികള്‍ക്കെങ്കിലും ഒരേ സമയം സൈറ്റില്‍ കയറി ലോഗിന്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയാല്‍ പ്രശ്‌നപരിഹാരത്തിന് സാധ്യതയുണ്ട്. ദിവസം 50 രൂപ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുകയോ റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടി നല്‍കുകയോ വേണമെന്ന് രാജു അപ്‌സര പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍