കൂടത്തായി കൊലപാതകം; രണ്ടാമത്തെ കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കുറ്റപത്രം ഈ മാസം അവസാനത്തോടെ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. സിലി വധക്കേസിലാണ് അടുത്ത കുറ്റപത്രം സമര്‍പ്പിക്കുക.കൂടത്തായി കൊലപാതക പരമ്പരയില്‍ റോയ് തോമസ് വധ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ അടുത്ത കേസുകളിലും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ജോളിയുടെ ഭര്‍ത്താവായ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതക കേസിലെ കുറ്റപത്രം ഈ മാസം അവസാനത്തോടെ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. താമരശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് സിലിക്ക് സൈനയിഡ് നല്‍കി ജോളി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സിലിയെ ഇല്ലാതാക്കി ഷാജുവിനെ സ്വന്തമാക്കുകയായിരുന്നു കൊലപാതകത്തിലൂടെ ജോളി ലക്ഷ്യമിട്ടത്. ദന്താശുപത്രിയില്‍ സിലിയുടെ മരണ സമയത്ത് സംഭവിച്ച കാര്യങ്ങളെ കുറിച്ച് കൃത്യമായ മൊഴികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് ഈ കേസില്‍ നിര്‍ണായകമാവും. ദന്താശുപത്രിയില്‍ കുഴഞ്ഞ് വീണ സിലിയെ മറ്റൊരു ആശുപത്രിയില്‍ എത്തിക്കുന്നത് ജോളി തന്ത്രപൂര്‍വ്വം വൈകിപ്പിച്ചതായി ദൃക്‌സാക്ഷികളുടെ മൊഴികളില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസില്‍ സിലിയുടെ സഹോദരന്‍ സിജോ അടക്കമുള്ളവരുടെ മൊഴി നിര്‍ണായകമാവും. സിലി കേസിലെ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം സിലിയുടെ കുട്ടി ആല്‍ഫയിന്റെ കൊലപാതക കേസിലാവും അടുത്തതായി കുറ്റപത്രം സമര്‍പ്പിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍