ഇറാക്കില്‍നിന്നു സൈന്യത്തെ പിന്‍വലിക്കില്ലെന്നു യുഎസ് പ്രതിരോധ സെക്രട്ടറി

ബാഗ്ദാദ്: അമേരിക്കന്‍ സൈന്യം ഇറാക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അമേരിക്ക. യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ്‌സ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക് മില്ലി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഇറാക്കില്‍നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ക്കു പിന്നാലെയാണു ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം. യുഎസ് സൈന്യത്തെ പുറത്താക്കണമെന്ന് ഞായറാഴ്ച ഇറാക്ക് പാര്‍ലമെന്റ് ആവശ്യപ്പെട്ടിരുന്നു. ഇറേനിയന്‍ സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതാണ് ഇറാക്കിനെ പ്രകോപിപ്പിച്ചത്. പിന്നാലെ ഇറാക്കിനെതിരേ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. ഇറാക്കില്‍നിന്നു സൈന്യത്തെ പിന്‍വലിക്കില്ലെന്നും പിന്‍വലിക്കേണ്ടിവന്നാല്‍ ഇറാക്കില്‍ വ്യോമതാവളം നിര്‍മിക്കാന്‍ അമേരിക്കയ്ക്കു ചെലവായ പണം തിരികെ നല്‍കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.അതേസമയം, ഇറാക്കിനെതിരേ ഉപരോധമേര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരേ ജര്‍മനി രംഗത്തെത്തി. ഭീഷണികൊണ്ട് ഇറാക്കിനെ വിശ്വാസത്തിലെടുക്കാമെന്ന് താന്‍ കരുതുന്നില്ലെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹയ്‌കോ മാസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍