ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ എന്‍.സി.പി പ്രതിനിധി സ്ഥാനമേറ്റില്ല

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം പുതിയ ഭരണസമിതി പുന:സംഘടിപ്പിച്ച് സ്ഥാനമേറ്റെങ്കിലും എന്‍.സി.പി. പ്രതിനിധിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ദേവസ്വം ചെയര്‍മാനും സിപിഎം ഉള്‍പ്പെടെയുള്ള പ്രതിനിധികളും മറ്റംഗങ്ങളും സത്യവാചകം ചൊല്ലി ചുമതലയേല്‍ക്കുകയുണ്ടായി. എന്നാല്‍ സമിതിയിലെ എന്‍.സി.പി.പ്രതിനിധി യുടെ സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. ഇതു ഉടന്‍ നികത്തുമെന്നു പറയുന്നുണ്ടെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല.കഴിഞ്ഞ ഭരണ സമിതിയില്‍ പി. ഗോപിനാഥന്‍ ആയിരുന്നു എന്‍.സി.പിയുടെ പ്രതിനിധി. പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം കഴിഞ്ഞ ഗുരുവായൂര്‍ ദേവസ്വം ഭരണസമിയില്‍ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിച്ചത്. ക്ഷേത്രകാര്യങ്ങളിലും ഭക്തരുടെ കാര്യങ്ങളിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ഗോപിനാഥനില്‍ നിന്നുണ്ടായത് എന്ന് പൊതുവെ എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഭരണസമിതി പുന:സംഘടിപ്പിച്ചപ്പോള്‍ എന്‍.സി.പി. പ്രതിനിധിയായി ഗോപിനാഥന്‍ തന്നെ വരുമെന്നായിരുന്നു പൊതുവെയുള്ള ധാരണ. കാരണം ക്ഷേത്രകാര്യങ്ങളില്‍ അത്രയ്ക്കും സജീവമായി ഇടപെട്ട വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മറ്റൊരു വ്യക്തിയെയായിരുന്നു നിര്‍ദ്ദേശിച്ചത്. എന്നാല്‍ പ്രസ്തുത വ്യക്തിയുടെ നോമിനേഷന് സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചില്ല. നിലവിലെ സാഹചര്യത്തില്‍ പി. ഗോപിനാഥനെ തന്നെ ഭരണസമിതിയംഗമായി നിയമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പൊതുജനങ്ങളുടെ ഇടയിലും പാര്‍ട്ടിയിലും നല്ല പ്രതിച്ഛായയാണ് ഗോപിനാഥനുള്ളത്. തൃശൂര്‍ സ്വദേശിയായ അദ്ദേഹത്തിന് ഭരണസമിതി യോഗങ്ങളിലും മറ്റും കൃത്യമായി ഇടപെടാനും കഴിയും.നാല് ദശാബ്ദങ്ങളായി രാഷ്ട്രീയ പൊതുപ്രവര്‍ത്തനരംഗത്ത് സജീവസാന്നിധ്യമാണ് അദ്ദേഹം. കെ എസ് യു വിലൂടെ പൊതു ജീവിതം ആരംഭിച്ച ഗോപിനാഥന്‍ തൃശൂര്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയിരുന്നു. യൂത്ത് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു. എന്‍.സി.പി യുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗമാണ്. ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഗോപിനാഥനെ ഒരിക്കല്‍ക്കൂടി അംഗമാക്കണമെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്‍.സി.പി.യുടെ പ്രതിനിധി സ്ഥാനം ഒഴിച്ചിട്ടിരിക്കാതെ ഒരു രണ്ടാം മൂഴത്തിന് എന്തുകൊണ്ടും അര്‍ഹതയുള്ള ഗോപിനാഥനെ ഉടന്‍തന്നെ അംഗമായി നിയമിക്കണമെന്ന് പാര്‍ട്ടിയിലും പൊതുജനങ്ങളുടെ ഇടയിലും ശക്തമായ ആവശ്യം ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍