ഗവര്‍ണറുടെ വിയോജനം രേഖകളില്‍ ചേര്‍ക്കില്ല, എംഎല്‍എമാര്‍ക്കെതിരേ നടപടിയില്ല

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രേഖപ്പെടുത്തിയ വിയോജിപ്പ് നിയമസഭാ രേഖകളില്‍ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്ളത് മാത്രമേ രേഖയില്‍ ഉള്‍പ്പെടുത്തുകയുള്ളുവെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. നയപ്രഖ്യാപനത്തില്‍ സ്വന്തം എതിര്‍പ്പു രേഖപ്പെടുത്തിയതിനുശേഷമാണ് പൗരത്വ നിയമ ഭേദഗതിയേക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ നിയമസഭയില്‍ വായിച്ചത്. പ്രസംഗത്തിലെ നിലപാടുകളോടു വിയോജിക്കുന്നെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം വായിക്കുന്നു എന്നു പറഞ്ഞതിനുശേഷമായിരുന്നു ഗവര്‍ണര്‍ ഈ ഭാഗം വായിച്ചത്.അതേസമയം നിയമസഭയ്ക്കുള്ളില്‍ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡിനോട് ബലപ്രയോഗം നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. വഴിയൊരുക്കാനാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. നയപ്രഖ്യാപന പ്രസംഗം നടത്താന്‍ നിയമസഭയിലെത്തിയപ്പോഴാണ് ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞത്. പിന്നീട് വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷ എംഎല്‍എമാരെ ബലംപ്രയോഗിച്ചു നീക്കി ഗവര്‍ണറെ ഡയസിലേക്ക് എത്തിക്കുകയായിരുന്നു. ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു പുറത്തേക്കു പോകുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍