ബാഗ്ദാദിലേക്കു കൂടുതല്‍ യുഎസ് സൈനികര്‍

വാഷിംഗ്ടണ്‍ ഡിസി: ബാഗ്ദാദിലെ യുഎസ് എംബസിക്കു സംരക്ഷണം നല്‍കാനായി കൂടുതല്‍ സൈനികരെ അയയ്ക്കുമെന്നു യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ അറിയിച്ചു. നോര്‍ത്ത് കരോളൈനയിലെ ഫോര്‍ട്ട് ബ്രാഗില്‍നിന്ന് യുഎസ് സേനയുടെ 82ാം എയര്‍ബോണ്‍ ഡിവിഷനിലെ 750 സൈനികര്‍ ഗള്‍ഫിലേക്ക് തിരിച്ചു കഴിഞ്ഞു. ആവശ്യമെങ്കില്‍ 96 മണിക്കൂറിനകം നാലായിരം സൈനികരെ മേഖലയില്‍ എത്തിക്കാനാവും. നിലവില്‍ അയ്യായിരം യുഎസ് സൈനികര്‍ ഇറാക്കിലുണ്ട്.ഇറാന്റെ പിന്തുണയുള്ള കാത്തിബ് ഹിസ്ബുള്ള ഗ്രൂപ്പില്‍പ്പെട്ട ഇറാക്കി ഷിയാകള്‍ ബാഗ്ദാദിലെ ഗ്രീന്‍സോണിലെ യുഎസ് എംബസി വളപ്പിലേക്ക് യുഎസിനു നാശം എന്ന മുദ്രാവാക്യം മുഴക്കി മാര്‍ച്ചു ചെയ്യുകയായിരുന്നു. അവര്‍ ഒരു ചെക്കുപോസ്റ്റിനു തീവച്ചു. കിര്‍ക്കുക്കില്‍ ഒരു യുഎസ് കോണ്‍ട്രാക്ടറെ കൊലപ്പെടുത്തിയതിനു പ്രതികാരമായി യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ക്കു ജീവഹാനി നേരിട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹിസ്ബുള്ളകള്‍ എംബസി ഉപരോധത്തിനു തുനിഞ്ഞത്.എംബസിയില്‍നിന്ന് പ്രതിഷേധക്കാര്‍ക്കു നേരേ ടിയര്‍ഗ്യാസ് പ്രയോഗിച്ചു. നൂറോളം യുഎസ് മറീനുകള്‍ എത്തുകയും ഹെലികോപ്റ്ററുകള്‍ വിന്യസിക്കുകയും ചെയ്തതോടെ അക്രമികള്‍ പിന്‍വാങ്ങിയെങ്കിലും എംബസി പരിസരത്തു തമ്പടിച്ചു. എംബസി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഇറാന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ട്രംപ് ഭീഷണി മുഴക്കി. യുഎസ് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കില്ലെന്നും എല്ലാ യുഎസ് പൗരന്മാരുടെയും സംരക്ഷണം ഉറപ്പാക്കുമെന്നും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും പറഞ്ഞു.യുഎസ് എംബസി ഉപരോധിച്ച സമരക്കാര്‍ ഇന്നലെ വൈകി പിന്മാറ്റം ആരംഭിച്ചു. യുഎസിന് വ്യക്തമായ സന്ദേശം നല്‍കിക്കഴിഞ്ഞെന്നും ഇനി പിന്മാറാമെന്നും കാത്തിബ് ഹിസ്ബുള്ള ഗ്രൂപ്പ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.ഗ്രീന്‍സോണിനു വെളിയില്‍ സ്ഥാപിച്ചിരുന്ന ടെന്റുകളും മറ്റും സമരക്കാര്‍ പൊളിച്ചുകൊണ്ടിരിക്കുകയാണെന്നു വാര്‍ത്താ ഏജന്‍സി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍