രോഹിംഗ്യകളുടെ സംരക്ഷണം ഉറപ്പാക്കണം: മ്യാന്‍മറിനോടു രാജ്യാന്തര കോടതി

ഹേഗ്: ന്യൂനപക്ഷ രോഹിംഗ്യന്‍ മുസ്‌ലിംകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും വംശീയ ഹത്യ തടയുന്നതിനും നടപടി സ്വീകരിക്കാന്‍ മ്യാന്‍മര്‍ ഭരണകൂടത്തിന് ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റീസ്(ഐസിജെ) നിര്‍ദേശം നല്‍കി.
മ്യാന്‍മറിലെ രോഹിംഗ്യകളുടെ സ്ഥിതി അത്യന്തം ആപത്കരമാണെന്ന് ഇടക്കാല ഉത്തരവില്‍ കോടതിയുടെ അധ്യക്ഷന്‍ ജസ്റ്റീസ് അബ്ദുള്‍ഖാവി അഹമ്മദ് യൂസഫ് ചൂണ്ടിക്കാട്ടി.
ഉത്തരവു നടപ്പാക്കുന്നതിനു സ്വീകരിച്ച നടപടികളെക്കുറിച്ച് നാലുമാസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നും കോടതി മ്യാന്‍മര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പിന്നീട് കേസ് തീരുന്നതുവരെ ആറു മാസംകൂടുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കിക്കൊണ്ടിരിക്കണം.രോഹിംഗ്യകള്‍ അനുഭവിക്കുന്ന പീഡനം ചൂണ്ടിക്കാട്ടി ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയാണ് രാജ്യാന്തര കോടതിയെ സമീപിച്ചത്. ബുദ്ധമതക്കാര്‍ക്കു ഭൂരിപക്ഷമുള്ള മ്യാന്‍മര്‍ രോഹിംഗ്യകളെ ബംഗാളികളായാണു കണക്കാക്കുന്നത്. ഇവര്‍ക്ക് പൗരത്വം അനുവദിക്കുന്നില്ല.2017 ഓഗസ്റ്റില്‍ നോര്‍ത്തേണ്‍ റാഖൈന്‍ സ്റ്റേറ്റില്‍ സൈന്യം നടത്തിയ നരനായാട്ടില്‍ ഒട്ടേറെ രോഹിംഗ്യകള്‍ക്ക് ജീവഹാനി നേരിട്ടു. ഏഴു ലക്ഷത്തോളം പേര്‍ പലായനം ചെയ്തു. ഇവര്‍ ബംഗ്‌ളാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയാണ്.വംശീയഹത്യ ആരോപണം നിഷേധിക്കുകയും സൈന്യത്തെ ന്യായീകരിക്കുകയും ചെയ്ത നൊബേല്‍ ജേത്രി ഓങ് സാന്‍ സ്യൂകി ഈ കേസ് തള്ളണമെന്ന് രാജ്യാന്തര കോടതിയോട് ആവശ്യപ്പെട്ടത് ഏറെ വിവാദം സൃഷ്ടിച്ചു. നൊബേല്‍ പുരസ്‌കാരം അവരില്‍ നിന്നു തിരിച്ചെടുക്കണമെന്നുവരെ ആവശ്യം ഉയര്‍ന്നു. സൈന്യത്തെ വെള്ളപൂശിയും വംശഹത്യാ നീക്കം നടന്നിട്ടില്ലെന്നു വ്യക്തമാക്കിയും മ്യാന്‍മര്‍ സര്‍ക്കാര്‍ നിയോഗിച്ച സ്വതന്ത്ര കമ്മീഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു രണ്ടു ദിവസത്തിനകമാണ് രാജ്യാന്തരകോടതിയുടെ ഇടക്കാല വിധി വന്നതെന്നതു ശ്രദ്ധേയമാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍