വിജയ് മല്യക്ക് വന്‍തിരിച്ചടി; സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

 മുംബൈ:കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പി.എം.എല്‍.എ കോടതി, വിജയ് മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. മല്യക്ക് വായ്പ നല്‍കിയ എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ക്കാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. മല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യുന്നതില്‍ തടസമില്ലെന്ന് കോടതി വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. വിധി ജനുവരി 18 വരെ സ്റ്റേ ചെയ്തിട്ടുണ്ടെന്നും ഈ സമയത്തിനുള്ളില്‍ മല്യക്ക് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും കോടതി അറിയിച്ചു. പിടിച്ചെടുത്ത ആസ്തികളില്‍ പ്രധാനമായും ഓഹരി പോലുള്ള സാമ്പത്തിക സെക്യൂരിറ്റികളാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രത്യേക പി.എം.എല്‍.എ കോടതിയെ അറിയിച്ചിരുന്നു. 2013 മുതല്‍ പ്രതിവര്‍ഷം 11.5 ശതമാനം പലിശ സഹിതം 6,203.35 കോടി രൂപ തിരിച്ചുപിടിക്കാനായി ആസ്തികള്‍ ലേലം ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. കഴിഞ്ഞ വര്‍ഷം ജനുവരി അഞ്ചിന് പ്രത്യേക പി.എം.എല്‍.എ കോടതി മല്യയെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. 2016 മാര്‍ച്ചില്‍ രാജ്യംവിട്ട മല്യ ബ്രിട്ടനിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍