മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ സിസിടിവി ക്യാമറകള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മെഡിക്കല്‍ കോളജ് പോലീസും മെഡിക്കല്‍ കോളജ് സെക്യൂരിറ്റി വിഭാഗവും സംയുക്തമായി ക്യാമ്പസില്‍ സുരക്ഷ ഉറപ്പു വരുത്തണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. എസ്‌സി,എസ്ടി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ താമസിക്കുന്ന പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് ലേഡീസ് ഹോസ്റ്റലില്‍ രാത്രികാലങ്ങളില്‍ നടക്കുന്ന മോഷണങ്ങള്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മെഡിക്കല്‍ കോളജ് കാന്പസിലാണ് ലേഡീസ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സ്റ്റേഷന്‍ഹൗസ് ഓഫീസര്‍, പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി എന്നിവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹോസ്റ്റലില്‍ നടന്ന മോഷണങ്ങളെക്കുറിച്ച് മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം നടത്തിയതായി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോസ്റ്റല്‍ മുറികളുടെ ചില ജനാലകള്‍ക്ക് കേടുപാടു സംഭവിച്ചിട്ടുണ്ട് ഇതുവഴിയാണ് മോഷണം നടക്കുന്നത്. സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ കോളജ്ക്യാമ്പസില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കേണ്ടതാണെന്ന് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍