ആമസോണിന്റെ നിക്ഷേപം: വലിയ കാര്യമൊന്നുമില്ലെന്ന് പിയൂഷ് ഗോയല്‍

മുംബൈ: ഇന്ത്യയിലെ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കായി ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ പ്രഖ്യാപനത്തെ നിസാരവത്കരിച്ചു കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ആമസോണിന്റെ നിക്ഷേപം ഇന്ത്യക്കു വലിയ ഉപകാരമൊന്നുമില്ലെന്നു ഗോയല്‍ പറഞ്ഞു. ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഇന്ത്യയിലെ വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചെന്ന കേസില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അന്വേഷണം നേരിടുന്ന അവസരത്തില്‍ ബെസോസ് ഇന്ത്യയില്‍ എത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ഇടയാക്കിയിരുന്നു. ആമസോണ്‍ മേധാവിയുടെ പ്രഖ്യാപനം കേന്ദ്രമന്ത്രി തള്ളിയതു കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടു വ്യക്തമാക്കുന്നതാണെന്ന വിലയിരുത്തലുകളുണ്ട്. വിദേശ ഇകൊമേഴ്‌സ് കമ്പനികള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ ഏറെ ഗൗരവതരമാണെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവവേളയില്‍ ഇകൊമേഴ്‌സ് കമ്പനികള്‍ ഇന്ത്യയിലെ വിദേശനിക്ഷേപ ചട്ടങ്ങള്‍ ലംഘിക്കുന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നേരത്തേ ആരോപണമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സിസിഐ അന്വേഷണം ആരംഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍