മരട് ഫ്‌ളാറ്റുകള്‍ പൊളിക്കല്‍ അഞ്ചു മിനിറ്റ് വ്യത്യാസത്തില്‍

കൊച്ചി: നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന മരടിലെ ഫ്‌ളാറ്റുകളുടെ പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റം. പുതിയ സമയക്രമ പ്രകാരം എച്ച്ടുഒ ഹോളി ഫെയ്ത്ത്, ആല്‍ഫ സെറീന്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ഇടയിലുള്ള സമയ ദൈര്‍ഘ്യം അര മണിക്കൂറില്‍നിന്ന് അഞ്ച് മിനിറ്റാക്കി കുറച്ചു. 11ന് രാവിലെ 11ന് ഹോളിഫെയ്ത്ത് ഫ്‌ളാറ്റും, 11.05ന് ആല്‍ഫാ സെറീനും പൊളിക്കും. എച്ച്ടുഒ പൊളിച്ച് അരമണിക്കൂറിനു ശേഷം ആല്‍ഫാ സെറീന്‍ പൊളിക്കാനായിരുന്നു ആദ്യതീരുമാനം. എറണാകുളം ജില്ലാ ഭരണകൂടവും മരട് നഗരസഭയും ചേര്‍ന്നു പുറത്തിറക്കിയ പട്ടികയിലാണു സമയക്രമത്തില്‍ മാറ്റം. എച്ച്ടുഒ പൊളിക്കാന്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് എഡിഫൈസ് എന്ന കമ്പനിയാണ്. വിജയ് സ്റ്റീല്‍സാണ് ആല്‍ഫാ സെറീന്‍ പൊളിക്കുന്നത്. 12ന് രാവിലെ 11ന് ജെയിന്‍ കോറല്‍ കോവും ഉച്ചകഴിഞ്ഞ് രണ്ടിനു ഗോള്‍ഡന്‍ കായലോരവും പൊളിക്കും. സമയക്രമത്തില്‍ മാറ്റം വരുത്തിയതു സാങ്കേതിക കാരണങ്ങള്‍കൊണ്ടു മാത്രമാണെന്നു ഫ്‌ളാറ്റ് പൊളിക്കലിന്റെ ചുമതല വഹിക്കുന്ന സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍