ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാന്‍ ഒരു രേഖയും ഹാജരാക്കേണ്ടെന്നു കേന്ദ്രം

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുമ്പോള്‍ ഒരു രേഖയും ഹാജരാക്കേണ്ടതില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ നടക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) സര്‍വേയില്‍ പങ്കെടുക്കാന്‍ ഒരു രേഖയും ഹാജരാക്കേണ്ടതില്ല. ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പിലാക്കുന്നതിന്റെ മുന്നോടിയാണെന്ന് എന്‍പിആര്‍ എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുകയും ഇതു നടപ്പാക്കില്ലെന്ന് പശ്ചിമബംഗാളും കേരളവും അടക്കമുള്ള സംസ്ഥാനങ്ങള്‍ നിലപാടെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. എന്‍പിആര്‍ സംബന്ധിച്ചു വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അധികൃതര്‍ക്കോ കണക്കെടുക്കാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കോ മുന്നില്‍ ഒരു രേഖയും നല്‍കേണ്ടതില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ട്വിറ്ററില്‍ വ്യക്തമാക്കി.
ഈ വര്‍ഷം നടക്കാനിരിക്കുന്ന എന്‍പിആര്‍ സര്‍വേയില്‍ മാതാവിന്റെയോ പിതാവിന്റെയോ ജന്മസ്ഥലം, അവസാനം താമസിച്ച സ്ഥലം, ആധാര്‍, വോട്ടര്‍ ഐഡി, മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോദിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേ ചോദ്യാവലിയില്‍ ഇവയെല്ലാമുണ്ടെന്നും ഇതേ ഫോം തന്നെയാവും എന്‍പിആര്‍ സര്‍വേയ്ക്ക് ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷണ സര്‍വേയില്‍ 74 ജില്ലകളില്‍നിന്നായി 30 ലക്ഷം പേര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍