ശബരിമല പുനഃപരിശോധനാ ഹരജികള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹരജികളില്‍ വാദം കേള്‍ക്കുന്നില്ലെന്ന് സുപ്രീം കോടതി. പുനഃപരിശോധനാ ഹരജികളില്‍ വാദം മുന്നോട്ടുവെച്ചപ്പോഴായിരുന്നു കോടതി ഇടപെടല്‍. ഏഴ് നിയമപ്രശ്‌നങ്ങള്‍ മാത്രമാണ് പരിഗണിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. മതങ്ങളുടെ ആചാര അനുഷ്ഠലനങ്ങള്‍ കോടതിയുടെ അധികാര പരിധിയിലാണോ എന്നതുള്‍പ്പെടെ ഏഴ് ചോദ്യങ്ങളിലാണ് ഒന്‍പതംഗ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുന്നത്. ശബരിമല യുവതി പ്രവേശം സംബന്ധിച്ച നിയമ പ്രശ്‌നം സുപ്രീം കോടതിയില്‍ ഉയര്‍ന്നപ്പോള്‍ ഏഴ് ചോദ്യങ്ങളാണ് കോടതി മുന്നോട്ട് വെച്ചത്. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും മറ്റ് മൗലികാവകാശങ്ങളും പരസ്പരം എങ്ങനെയാണ് നിലനില്‍ക്കുക. മത വിശ്വസത്തിലും ആചാരങ്ങളിലും ഇടപെടാന്‍ കോടതികള്‍ക്ക് അധികാരമുണ്ടോ, മതങ്ങളിലെ ആചാരങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അധികാരം മതമേലധ്യക്ഷന്മാര്‍ക്കുണ്ടോ, തുടങ്ങിയവയാണ് ചോദ്യങ്ങള്‍. ഇതോടൊപ്പം മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം, മറ്റ് മതത്തില്‍ നിന്നുള്ളവരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകള്‍ക്ക് അവരുടെ ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്, ദാവൂതി ബോറ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം തുടങ്ങിയ വിഷയങ്ങളും ശബരിമല അയ്യപ്പ ക്ഷേത്രത്തിന് ഹിന്ദു ആരാധനാലയ പ്രവേശനച്ചട്ടം ബാധകമാണോയെന്ന ചോദ്യവും ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്നുണ്ട്.ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശം ആകാമെന്ന സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ പരിഗണിക്കുമ്പോഴാണ് മറ്റു മതങ്ങളിലെ വിവേചനവും പൊതുവായ നിയമ പ്രശ്‌നങ്ങളും ഉയര്‍ന്ന് വന്നത്. നിയമ പ്രശ്‌നങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഭൂരിപക്ഷ വിധി എഴുതി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍