ടെലികോം കമ്പനികള്‍ സാവകാശം തേടി

ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ സര്‍ക്കാരിനു നല്കാനുള്ള കുടിശിക അടയ്ക്കാന്‍ സാവകാശം തേടി സുപ്രീംകോടതിയില്‍. അപേക്ഷ അടുത്തയാഴ്ച പരിഗണിക്കുമെന്നു ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു.
ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ടാറ്റാ ടെലിസര്‍വീസസ് എന്നിവയാണ് ഹര്‍ജി നല്കിയത്. 24നകം ഈ മൂന്നു കമ്പനികളും കൂടി 1.02 ലക്ഷം കോടി രൂപ നല്‌കേണ്ടതുണ്ട്.
സുപ്രീംകോടതി കേസ് പരിഗണിക്കാന്‍ സമ്മതിച്ചതോടെ ഈയാഴ്ച പണം അടയ്‌ക്കേണ്ട എന്ന ആശ്വാസത്തിലാണു കന്പനികള്‍.സര്‍ക്കാര്‍ ആവശ്യപ്പെട്ട തുകയെപ്പറ്റി തങ്ങള്‍ തര്‍ക്കം ഉന്നയിക്കുന്നില്ലെന്നും കാലാവധി നീട്ടിക്കിട്ടുകയാണ് ആവശ്യമെന്നും കമ്പനികള്‍ പറയുന്നു.
കമ്പനികള്‍ക്കു ടെലികോമില്‍നിന്നല്ലാതെയുള്ള വരുമാനവും ചേര്‍ത്തു വേണം സര്‍ക്കാരിനു നല്കാനുള്ള തുക കണക്കാക്കാന്‍ എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. അതു കോടതി ശരിവച്ചു. രണ്ടു ദശകത്തോളം പഴക്കമുള്ള കുടിശികയുടെ പലിശയും പിഴയും പിഴപ്പലിശയും ചേര്‍ന്നാണ് വന്‍ ബാധ്യത വന്നത്.
ഇതിനിടെ ടെലികോം ലൈസന്‍സ് വാങ്ങിയ പവര്‍ഗ്രിഡ്, ഓയില്‍ ഇന്ത്യ, ഗെയില്‍, ഐഎന്‍ജിസി തുടങ്ങിയ പൊതുമേഖലാ കന്പനികള്‍ക്കും വന്‍തോതിലുള്ള കുടിശികയുടെ നോട്ടീസ് കേന്ദ്രം അയച്ചിട്ടുണ്ട്. തങ്ങള്‍ ടെലികോം ലൈസന്‍സ് ഉപയോഗിച്ച് ഒന്നും ചെയ്തില്ലെന്നും അതിനാല്‍ ബാധ്യത ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ടു കമ്പനികള്‍ ടെലികോം അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍