കൊറോണ വൈറസ് ഭീതി: വിദേശ പൗരന്മാരെ ഒഴിപ്പിക്കാന്‍ ചൈനയ്ക്കു വിമുഖത

 ന്യൂഡല്‍ഹി: ചൈനയിലും മറ്റു രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്നതോടെ ഇന്ത്യയുള്‍പ്പെടെ വിദേശ രാജ്യങ്ങളിലുള്ളവരെ ഒഴിപ്പിക്കാനുള്ള നടപടികളോടു വിമുഖത പ്രകടിപ്പിച്ച് ചൈന. ആളുകളെ ഒഴിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടില്ലെന്നും രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സണ്‍ വെയ്‌ഡോംഗ് പറഞ്ഞു. സാംക്രമികരോഗ നിവാരണത്തിനും നിയന്ത്രണത്തിനുമുള്ള ചൈനയുടെ കഴിവില്‍ ലോകാരോഗ്യസംഘടനയ്ക്ക് ആത്മവിശ്വാസമുണ്ടെന്ന് വെയ്‌ഡോംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി വിദേശകാര്യ മന്ത്രാലയം മുന്നോട്ടുപോകവേയാണു ചൈനീസ് സ്ഥാനപതിയുടെ പ്രസ്താവന.കൊറോണ വൈറസിനെ നേരിടാന്‍ ചൈനയ്ക്ക് എല്ലാ സഹായവും നല്കുമെന്നു ചൈനയിലെത്തിയ ലോകാരോഗ്യ സംഘടന തലവന്‍ തെദ്രോസ് അഥാനോം ഗെബ്രെയേസസ് പറഞ്ഞു. ആളുകളെ ഒഴിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടില്ലെന്നു പറഞ്ഞ ഗെബ്രെയേസസ് അമിതപ്രതികരണം ഒഴിവാക്കി സംയമനം പാലിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍