എറണാകുളം ജില്ലയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കാന്‍ നിയമസഭാ സമിതിയുടെ നിര്‍ദേശം

കൊച്ചി :എറണാകുളം ജില്ലയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കാന്‍ നിയമസഭാ സമിതിയുടെ നിര്‍ദേശം. ജില്ലയില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന കര്‍ശനമാക്കും. ഹൈക്കോടതി നിര്‍ദേശിച്ച ടാങ്കറുകളുടെ നിറംമാറ്റം ഈ മാസം മുപ്പതിനകം നടപ്പിലാക്കണമെന്നും സമിതി ഉത്തരവിട്ടു.
എറണാകുളം ജില്ലയില്‍ നടപ്പിലാക്കിയ ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍ പദ്ധതി വിലയിരുത്താന്‍ ചേര്‍ന്ന നിയമസഭ സമിതി യോഗത്തിലാണ് തീരുമാനം. മരടിലും ആലുവയിലും ഉള്ള ഹൈഡ്രന്റുകളുടെ എണ്ണം കൂട്ടും.
പദ്ധതിയുമായി വാട്ടര്‍ അതോറിറ്റി വേണ്ടരീതിയില്‍ സഹകരിച്ചില്ലെന്ന് സമിതി കുറ്റപ്പെടുത്തി. ടാങ്കറുകള്‍ പരിശോധിക്കുന്ന സ്‌ക്വാഡിനോട് സഹകരിക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കി.
വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവില്‍ കുറവും ബില്ലില്‍ കൃത്രിമം നടത്തിയതായും സമിതി കണ്ടെത്തി. രജിസ്‌ട്രേഷന് ശേഷം ടാങ്കറിന്റെ വലിപ്പത്തിന്റെ വ്യത്യാസം വരുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. സ്‌ക്വാഡിന് പുറമെ, ആര്‍ടിഒ, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ പരിശോധന കര്‍ശനമാക്കും. ടാങ്കറുകള്‍ക്ക് ഹൈകോടതി നിര്‍ദേശിച്ച നിറങ്ങള്‍ 30നകം പാലിക്കാനും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ടാങ്കറിന് പുറത്ത് രേഖപ്പെടുത്താനും സമിതി നിര്‍ദേശിച്ചു. അടുത്തമാസം 12ന് ശേഷം സമിതി വീണ്ടും യോഗം ചേരും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍